കേരളത്തില്‍ സ്വര്‍ണ വില ഇന്ന് വീണ്ടും കുത്തനെ ഉയര്‍ന്നു. പവന് 800 രൂപ വര്‍ദ്ധിച്ച് 40000 രൂപയായി. ഗ്രാമിന് 5000 രൂപയാണ് വില.ആഗോള വിപണികളിലും വില മേല്‍പോട്ടാണ്.ഡോളര്‍ ഒരാഴ്ചയ്ക്കുള്ളില്‍ 0.23 ശതമാനം ഇടിഞ്ഞത് സ്വര്‍ണത്തിനു പ്രിയം വീണ്ടും കൂടാന്‍ കാരണമായി.
കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഓഗസ്റ്റ് 7,8,9 തീയതികളില്‍ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.18 ശതമാനം ഉയര്‍ന്ന് 53,370 രൂപയിലെത്തി. സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 0.8 ശതമാനം ഉയര്‍ന്ന് 69,688 രൂപയുമായി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 2% അഥവാ 1033 രൂപ ഉയര്‍ന്നപ്പോള്‍ വെള്ളി കിലോയ്ക്ക് 2.6% അഥവാ 1,750 രൂപ ഉയര്‍ന്നു. ഓഗസ്റ്റ് 7 ന് സ്വര്‍ണ്ണ വില 10 ഗ്രാമിന് 56,191 രൂപയിലെത്തിയിരുന്നു. ആഗോള വിപണികളില്‍ സ്വര്‍ണ നിരക്ക് ഔണ്‍സിന് 1,987.51 ഡോളറായി ഉയര്‍ന്നു.
യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷമാണ് സ്വര്‍ണത്തെ പിന്തുണയ്ക്കുന്ന ഒരു പ്രധാന ഘടകം. കഴിഞ്ഞ ദിവസം വാവേയ് ടെക്നോളജീസ് കമ്പനിക്ക് പുതിയ നിയന്ത്രണങ്ങള്‍ വാഷിംഗ്ടണ്‍ പ്രഖ്യാപിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള ഇടിഎഫായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ഓഹരികള്‍ തിങ്കളാഴ്ച 0.33 ശതമാനം ഉയര്‍ന്ന് 1,252.38 ടണ്ണായി.