ന്യൂഡല്‍ഹി: നിയമസഭയില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ കീറിയെറിഞ്ഞ സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതെ തുടര്‍ന്ന് കെജ്‌രിവാളിനെതിരെ ബി.ജെ.പിയുടെ ഡല്‍ഹി ഘടകം പോലീസില്‍ പരാതി നല്‍കി. ഇത് തികച്ചും രാജ്യനിന്ദയായി എന്നാണ് ബി.ജെ.പിയുടെ പരാതി. ഒരു മുഖ്യമന്ത്രിയായിരിക്കേ കെജ്‌രിവാള്‍ ഇതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ബി.ജെ.പി ആരോപിച്ചു. കെജ്‌രിവാളിനെതിരെ ബി.ജെ.പി ഐ.ടി.സെല്‍ മേധാവി അഭാഷേക് ദുബൈയാണ് പരാതി നല്‍കിയത്.
പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്. ഡല്‍ഹി മുഖ്യമന്ത്രിയായ കെജ്‌രിവാള്‍ നിയമസഭയില്‍ കാര്‍ഷിക ബില്ലിന്റെ പകര്‍പ്പ് എല്ലാവരും കാണ്‍കെ കീറിയെറിഞ്ഞ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷക സമരം ആളിക്കത്തിക്കുന്നതിനും അത് രൂക്ഷമാവാനും കെജ്‌രിവാള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ബി.ജെ.പി പ്രഖ്യാപിച്ചു.
ഈ സംഭവത്തില്‍ ശക്തമായി അന്വേഷണം നടത്തി ഇടപെടണമെന്ന് പോലീസിനോട് ദുബൈ ആവശ്യപ്പെട്ടു. കെജ്‌രിവാളിനെതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കണമെന്നും ദുബൈ ആവശ്യപ്പെട്ടു. അതേസമയം കര്‍ഷക സമരം രൂക്ഷമായി രാജ്യന്തര പ്രശ്‌നത്തിലേക്ക് വഴിവെച്ചാല്‍ അതിനുള്ള ഉത്തരവാദി കെജ്‌രിവാള്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.





































