കാസര്‍കോട്: കേരളത്തില്‍ ഇടക്കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. പിന്നീട് ജനങ്ങള്‍ ഒന്നടങ്കം എതിര്‍ത്തതോടുകൂടി കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ചെറിയ അറുതി വന്നിരുന്നു. ഇലക്ഷന്‍ കഴിഞ്ഞതോടുകൂടി വീണ്ടും കേരളം രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ കല്ലൂരാവി പഴയകടപ്പുറത്തെ ഔഫ് അബ്ദുള്‍ റഹ്മാന്‍ (32) ആണ് വീണ്ടും പ്രബുദ്ധകേരളത്തിലെ രാഷ്ട്രീയ കൊലപാതകത്തിന്റ അവസാന ഇരയായത്.
ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കലൂരാവി മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായിരിക്കണം ഈ കൊലപാതകം നടന്നത് എന്ന് രാഷ്ട്രീയ നിരീക്ഷണം. പോലീസ് വ്യക്തമായി ഇതെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് കൊലപാതകം നടന്നിരിക്കുന്നത്. ഓഫിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. രണ്ടുപേരും ബൈക്കില്‍ വരുന്ന വഴി കല്ലൂരാവി പയേ കടപ്പുറം റോഡില്‍ നിന്നും അക്രമികള്‍ ഒളിഞ്ഞിരുന്ന് കൊലപാതകം ചെയ്യുകയായിരുന്നു. നെഞ്ചില്‍ ഒന്നിലധികം കുത്തേറ്റ ഔഫിനെ പിന്നാലെ വന്ന സുഹൃത്തുകള്‍ ഉടനെ തന്നെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് ആണെന്നാണ് സ്ഥലത്തെ ഡി.വൈ.എഫ്.ഐ ആരോപണം ഉന്നയിച്ചത്. എന്നാല്‍ സംഭവത്തില്‍ മുസ്‌ലിംലീഗിന് പങ്കില്ലെന്നും ഇത് തികച്ചും വ്യക്തിപരമായി ഉണ്ടായ തര്‍ക്കങ്ങളുടെ ഭാഗമായി നടന്ന സംഭവമാണെന്നും ഇതിനെ രാഷ്ട്രീയ വത്കരിക്കുകയാണെന്നും മുസ്‌ലിം ലീഗ് പ്രസ്താവിച്ചു. സ്ഥലത്ത് പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്. കുഞ്ഞബ്ദുള്ള മുസള്ിയാരുടെയും ആയിഷയുടെയും മകനാണ് മരിച്ച ഔഫ് അബ്ദുള്‍ റഹ്മാന്‍. ഭാര്യ ഷാഹിന.