gnn24x7

ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒമ്പത് മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കി തെലങ്കാന പൊലീസ്

0
326
gnn24x7

വാറങ്കൽ: ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒമ്പത് മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കി തെലങ്കാന പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബിഹാർ സ്വദേശി സഞ്ജയ് കുമാർ ഝാ അടക്കം നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ഇവർ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. പശ്ചിമ ബംഗാൾ, ബിഹാർ, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. ഒരാൾ വാറങ്കൽ സ്വദേശിയാണ്. പ്രതികളെ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കും.

വ്യാഴാഴ്ച്ചയാണ് ബംഗാള്‍ സ്വദേശികളായ മഖ്‌സൂദ് ആലം (55), ഭാര്യ നിഷ (48), മക്കളായ ഷഹബാസ് (20), സൊഹൈല്‍(18), ബുഷ്‌റ(22), ബുഷ്‌റയുടെ മൂന്നു വയസ്സുള്ള മകന്‍, മഖ്സൂദിന്റെ ബന്ധു മുഹമ്മദ് ഷക്കീൽ(40) ബിഹാർ, ത്രിപുര സ്വദേശികളായ തൊഴിലാളികളായ ശ്രീറാം കുമാർ ഷാ(26), ശ്യാം കുമാർ ഷാ(21), എന്നിവരുടെ മൃതദേഹം ഖൊറേകുണ്ഡ ഗ്രാമത്തിലെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഇവരിൽ മഖ്സൂദിന്റേതടക്കം നാല് പേരുടെ മൃതദേഹം വ്യാഴാഴ്ച്ചയും ബാക്കി അഞ്ചു പേരുടേത് വെള്ളിയാഴ്ച്ച രാവിലെയുമാണ് പുറത്തെടുത്തത്.

സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ശീതള പാനീയത്തിൽ മയക്കുമരുന്ന് നൽകി കിണറ്റിലേക്ക് തള്ളിയതെന്നാണ് കണ്ടെത്തൽ.

ഇരുപത് വർഷം മുമ്പാണ് മഖ്സൂദും കുടുംബവും വാറങ്കലിൽ എത്തിയത്. സ്ഥലത്തെ ചണമിൽ ഫാക്ടറിയിലാണ് മഖ്സൂദ് ജോലി ചെയ്തിരുന്നത്. അറസ്റ്റിലായ സഞ്ജയ് കുമാറും ഇതേ ഫാക്ടറിയിലെ ജീവനക്കാരനാണ്. മരിച്ച ഇതര സംസ്ഥാന തൊഴിലാളികളും ഇതേ ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, സ‍ഞ്ജയ് കുമാറും മഖ്സൂദിന്റെ മകൾ ബുഷ്റയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഭർത്താവുമായി പിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പമാണ് ബുഷ്റ കഴിഞ്ഞിരുന്നത്. ഇരുവരുടേയും ബന്ധം ബുഷ്റയുടെ അറിഞ്ഞതോടെ മഖ്സൂദ് ഇടപെട്ട് ബന്ധം അവസാനിപ്പിച്ചിരുന്നു.

ഇതിനെ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ സഞ്ജയ് പദ്ധതി തയ്യാറാക്കുകയായിരുന്നു. അറസ്റ്റിലായവരിൽ ഒരാൾ വാറങ്കൽ സ്വദേശി തന്നെയാണ്. ഇയാൾക്കും മഖ്സൂദിന‍്റെ കുടുംബത്തിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

മകന്റെ പിറന്നാൾ ദിവസം മഖ്സൂദ് വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഫാക്ടറിയിലെ തൊഴിലാളികളായ ശ്രീറാമിനേയും ശ്യാം കുമാറിനേയും വിരുന്നിന് ക്ഷണിച്ചു. ഈ വിരുന്നിൽ വിതരണം ചെയ്ത സോഫ്റ്റ് ഡ്രിങ്കിലാണ് പ്രതികൾ മയക്കുമരുന്ന് നൽകിയത്. ശേഷം അടുത്തുള്ള കിണറ്റിലേക്ക് തള്ളുകയായിരുന്നു.

ഒമ്പത് മൃതദേഹങ്ങളും പോസ്റ്റുമോർട്ടത്തിന് ശേഷം വാറങ്കലിലെ മഹാത്മ ഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ സ്വീകരിക്കാന‍് ആരും എത്തിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here