കൊച്ചി: വിവാദ കേസുകളിലെല്ലാം വക്കാലത്ത് എറ്റെടുക്കാനെത്തുന്ന പതിവ് സ്വർണക്കടത്ത് കേസിലും തെറ്റിക്കാതെ അഡ്വ ബി.എ ആളൂർ. പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ വാക്കാലത്ത് ഏറ്റെടുക്കാൻ ആളൂരിന്റെ ജൂനിയർ അഭിഭാഷകരാണ് തിങ്കളാഴ്ച എൻ.ഐ.എ കോടതിയിലെത്തിയത്. എന്നാൽ വാക്കാലത്തിനെ കുറിച്ച് അറിയില്ലെന്ന് കക്ഷി പറഞ്ഞതോടെ കോടതി അഭിഭാഷകനെ താക്കീത് നൽകി വിട്ടയച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് നായരുടെയും സ്വപ്ന സുരേഷിന്റെയും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ആളൂർ അസോസിയേറ്റ്സിലെ അഭിഭാഷകനെത്തിയത്. കോടതിയിലെത്തിയ ജൂനിയർ അഭിഭാഷകൻ സ്വപ്നയുടെ വക്കാലത്ത് ഏറ്റെടുക്കാനുള്ള അപേക്ഷ സമർപ്പിച്ചു. ഇതേത്തുടർന്ന് വക്കാലത്ത് നൽകിയിട്ടുണ്ടോയെന്ന് ജഡ്ജി സ്വപ്നയോട് ചോദിച്ചു. എന്നാല്‍ ഈ അഭിഭാഷകനെ അറിയില്ലെന്നും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്വപ്ന അറിയിച്ചു. ഇക്കാര്യം തന്റെ ഭര്‍ത്താവാണ് തീരുമാനിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സ്വപ്ന മറുപടി നൽകിയതിനെ തുടർന്ന് അഭിഭാഷകനോട് മുന്നോട്ട് വരാന്‍ കോടതി ആവശ്യപ്പെട്ടു. ഇത് എന്‍ ഐ എ കോടതിയാണെന്ന് മറന്നു പോകരുതെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.







































