തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ശ്രീകാര്യം ജംഗ്ഷനോട് ചേർന്ന സ്വകാര്യ ബാങ്കിന് സമീപത്തെ ആളൊഴിഞ്ഞ വീടിനോട് ചേർന്ന പ്രദേശത്താണ് മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. മരിച്ചയാൾ വർക്കല സ്വദേശിയാണെന്നു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
വർക്കലയിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആളാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുഖത്തും ശരീരത്തും പരുക്കുകളുള്ളതിനാൽ കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ ടെറസിലും രക്തക്കറ കണ്ടെത്തിയിരുന്നു.
കൊന്നതിന് ശേഷം കെട്ടിത്തൂക്കിയതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തിയ ശേഷമെ മരണകാരണം വ്യക്തമാകൂ. മരണകാരണത്തിൽ സ്ഥിരീകരണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.