കൊച്ചി: ദേശീയപാത ഉപരോധിച്ച് മാർഗ തടസം സൃഷ്ടിച്ച സംഭവത്തിൽ 15 കോൺഗ്രസ് നേതാക്കൾക്കും 50 കണ്ടാൽ അറിയുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെയും എറണാകുളം മരട് പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പടെ സ്ഥലത്തുണ്ടായിരുന്ന അറിയുന്ന 15 നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഡിസിസി പ്രസിഡന്റ് ഒന്നാം പ്രതിയാണ്. വി.ജെ. പൗലോസിനെ രണ്ടാം പ്രതിയായും കൊടിക്കുന്നിൽ സുരേഷ് എംപിയെ മൂന്നാം പ്രതിയായുമാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കുപുറമേ വി.പി. സജീന്ദ്രൻ, ടോണി ചമ്മണി, ജോഷി പള്ളൻ, ദീപ്തി മേരി വർഗീസ്, എൻ. വേണുഗോപാൽ, മുഹമ്മദ് കുട്ടി മാസ്റ്റർ, ഡൊമിനിക് പ്രസന്റേഷൻ, വിഷ്ണു, ഷാജഹാൻ, മാണി വി. കുറുപ്പ് തുടങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അന്യായമായി മാർഗ തടസം സൃഷ്ടിക്കുകയും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ എല്ലാം സ്റ്റേഷനിൽ വിളിച്ചു വരുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാർഗതടസം സൃഷ്ടിച്ച കേസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് എന്ന് രാവിലെ കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു.
അതേസമയം, നടൻ ജോജു വർഗീസിന്റെ വാഹനം നശിപ്പിച്ച കേസിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിലെ പ്രതികൾ ആരെല്ലാമാണെന്നു വിഡിയോ പരിശോധിച്ച് കണ്ടെത്തുമെന്നാണ് അറിയിച്ചിരുന്നത്.