കൊൽക്കത്ത: ബംഗാളിലെ ബിർഭൂം ഗ്രാമത്തിൽ 8 പേരെ ചുട്ടുകൊന്ന സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം എന്നു വ്യക്തമാക്കി സ്വയം കേസെടുത്താണു ഹൈക്കോടതി കേസ് സിബിഐക്കു കൈമാറിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അഡിഷനൽ ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സിബിഐക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു. സിബിഐയോട് സഹകരിക്കുമെന്നും എന്നാൽ കേസ് അട്ടിമറിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിച്ചാൽ ചെറുക്കുമെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ള രണ്ടു ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയെത്തുടർന്ന് 8 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നു പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനും ദേശീയ ന്യൂനപക്ഷ കമ്മിഷനും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ കമ്മിഷൻ പ്രത്യേക സംഘത്തെ ബംഗാളിലേക്ക് അയയ്ക്കും. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ബംഗാൾ ചീഫ് സെകട്ടറിക്കും ഡിജിപിക്കും നോട്ടിസ് നൽകി.
ബിർഭൂമിലെ ബർഷാൽ ഗ്രാമത്തിലെ തൃണമൂൽ നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാദു ഷെയ്ഖിനെ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയതിനെത്തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനു തിരിച്ചടിയായി ബാദു ഷെയ്ഖിന്റെ അനുയായികൾ എതിരാളികളുടെ വീടുകൾ അഗ്നിക്കിരയാക്കി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ പൂട്ടിയിട്ട് ബോംബ് എറിഞ്ഞശേഷം തീയിടുകയായിരുന്നു. ഒരു വീട്ടിൽ മാത്രം ഏഴു പേർ വെന്തുമരിച്ചു. ബിർഭൂവിൽ വൻ ബോംബ് ശേഖരം കണ്ടെത്തിയിട്ടുണ്ട്.





































