മുംബൈ: മഹാരാഷ്ട്രയിലെ ദേഗ്ലൂരിൽ തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ 16-കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്‍റെ ചുരുളഴിയുന്നു… സംഭവം ദുരഭിമാനകൊലയെന്ന് പോലീസ്.
ദേഗ്ലൂർ ധാമഗാവിലെ കൽപന സൂര്യവൻഷി എന്ന 16കാരിയെ കൊലപ്പെടുത്തിയത് സ്വന്തം സഹോദരനാണെന്ന് പോലീസന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനായ അനിൽ സൂര്യവൻഷിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂൺ 22നാണ് അജ്ഞാത മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. തെരുവുനായ്ക്കളും കുറുക്കന്മാരും കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ തിരിച്ചറിഞ്ഞു.
കൽപനയുമായി പ്രണയത്തിലായിരുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നും കഴിഞ്ഞ 2 വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നുമായിരുന്നു കുടുംബ൦ മൊഴി നൽകിയത്. പെണ്‍കുട്ടിയുടെ അമ്മയും ഇതേ മൊഴിയില്‍ ഉറച്ചു നിന്നു.
എന്നാൽ, കുടുംബാംഗങ്ങളുടെ ആരോപണങ്ങളിൽ പോലീസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. ജൂൺ 20 മുതല്‍ പെൺകുട്ടിയെ കാണാതായിട്ടും ഇവർ പരാതി നൽകാതിരുന്നതായിരുന്നു അതിനുള്ള പ്രധാന കാരണം. ഇതിനിടെ പെൺകുട്ടിയുടെ കാമുകനെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഇയാൾക്ക് പങ്കില്ലെന്ന് വ്യക്തമായി. തുടർന്നാണ് കൽപനയുടെ സഹോദരനെ അടക്കം പോലീസ് വിശദമായി ചോദ്യം ചെയ്തത്.
ബുധനാഴ്ചയാണ് അനിൽ സൂര്യവൻഷി യെ പോലീസ് ചോദ്യംചെയ്തത്. ഒടുവിൽ ഇയാൾ തന്നെ പോലീസിനോട് കുറ്റം സമ്മതിച്ചു. കുടുംബത്തിന് താൽപ്പര്യമില്ലാതിരുന്ന യുവാവുമായി സഹോദരി പ്രണയത്തിലായതാണ് കൊലപാതകത്തിലേക്ക് നയിച്ചെന്നും ഇയാൾ സമ്മതിച്ചു. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതി ജൂൺ 30 വരെ പോലീസ് കസ്റ്റഡിയിലാണ്.






































