കൊച്ചി: ഇന്ധന വിലവർധനയ്ക്കെതിരായ റോഡ് ഉപരോധത്തിനെതിരെ രംഗത്തെത്തിയ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളായ കോൺഗ്രസ് പ്രവർത്തകർ ഇന്നു കീഴടങ്ങും. കൊച്ചി മുൻമേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ളവരാണ് കീഴടങ്ങുന്നത്. ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ പ്രകടനമായെത്തി കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനാണ് തീരുമാനം.
സ്വകാര്യ വ്യക്തികളുടെ സ്വത്തിനു സംരക്ഷണം നൽകുന്നതിനു 2019ൽ പാസായ നിയമം അനുസരിച്ചാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് പ്രതികൾ കീഴടങ്ങുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതിനാൽ നേരത്തേ അറസ്റ്റിലായ പ്രതിയുടെ ജാമ്യം കോടതി നിഷേധിച്ചിരുന്നു. വീണ്ടും കോടതിയെ സമീപിച്ചാലും കൂടുതൽ പ്രതികൾ കീഴടങ്ങാനുള്ള സാഹചര്യത്തിൽ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇതു പരിഗണിച്ചാണ് പ്രതികളോട് കീഴടങ്ങാൻ പാർട്ടി നിർദേശിച്ചിരിക്കുന്നത്.






































