ലക്നൗ: ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിൽ 2017ൽ 60 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച വിവാദ സംഭവവുമായി ബന്ധപ്പെട്ട് ശിശുരോഗ വിദഗ്ധൻ ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു. 2017 മുതല്‍ കഫീല്‍ ഖാന്‍ സസ്പെന്‍ഷനിലായിരുന്നു. ഇതിനെതിരായ നിയമപോരാട്ടം തുടരവെയാണ് സര്‍വീസില്‍നിന്നും പിരിച്ചുവിട്ടത്. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും കഫീല്‍ ഖാന്‍ പ്രതികരിച്ചു.
കൂട്ടമരണത്തിനു പിന്നിലെ സർക്കാർ അനാസ്ഥ പുറംലോകം അറിയാൻ കാരണമായതിന്റെ പേരിൽ യുപി സർക്കാർ ഒന്നിനു പുറകെ ഒന്നായി തന്നെ വേട്ടയാടുകയാണെന്ന് കഫീൽ ഖാൻ ആരോപിച്ചിരുന്നു. കുട്ടികൾ മരിക്കുകയായിരുന്നില്ലെന്നും അതൊരു മനുഷ്യനിർമിത കൂട്ടക്കുരുതിയായിരുന്നുവെന്നും കഫീൽ ഖാൻ പറയുന്നു.





































