മുംബൈ: ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ ലഹരിമരുന്ന് കേസിൽ തെളിവില്ലെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഡപ്യൂട്ടി ഡയറക്ടർ ജനറലും കേസിലെ പ്രത്യേക അന്വേഷണ സംഘം മേധാവിയുമായ സഞ്ജയ് സിങ് പറഞ്ഞു. ആര്യനെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന വാർത്ത ഊഹാപോഹം മാത്രമാണെന്നും കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നുംഅദ്ദേഹം വ്യക്തമാക്കി.
എൻസിബി മുംബൈ സോണൽ മേധാവിയായിരുന്ന സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി മരുന്ന് ഉപയോഗം, ഗൂഢാലോചന, രാജ്യാന്തര ഇടപാടുകൾ എന്നീ കുറ്റങ്ങൾ ആരോപിച്ച് ആര്യനെ അറസ്റ്റ് ചെയ്തത്. എന്നാൽ, ഷാറുഖ് ഖാനിൽ നിന്നു വാങ്കഡെ കോടികൾ വാങ്ങി കേസ് ഒതുക്കാൻ ശ്രമിച്ചെന്ന ആരോപണം ശക്തമായതോടെ എൻസിബി സംഘത്തിനെതിരെ വകുപ്പുതല അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.





































