gnn24x7

കാവ്യാ മാധവനെ എവിടെവച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായില്ല; തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം യോഗം ചേരുന്നു

0
429
gnn24x7

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം യോഗം ചേരുന്നു. എഡിജിപിയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിലാണ് യോഗം. കാവ്യയെ എവിടെവച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിചാരണക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം യോഗം ചേർന്നത്.

കാവ്യയോട് തിങ്കളാഴ്ച ചോദ്യംചെയ്യലിനു ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിരുന്നെങ്കിലും അസൗകര്യം അറിയിച്ച‌് അവർ അന്വേഷണ സംഘത്തിന് സന്ദേശം അയച്ചിരുന്നു. അന്ന് ആലുവ പൊലീസ് ക്ലബ്ബിൽവച്ച് ചോദ്യംചെയ്യാനാണ് അന്വേഷണസംഘം നിശ്ചയിച്ചിരുന്നത്. ചോദ്യംചെയ്യൽ ബുധനാഴ്ച ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലേക്ക‌ു മാറ്റാൻ കഴിയുമോയെന്ന് കാവ്യയുടെ സന്ദേശത്തിൽ ചോദിച്ചിരുന്നു. എന്നാൽ, ഈ ആവശ്യം തള്ളിയാണ് കാവ്യയെ എവിടെവച്ചു ചോദ്യം ചെയ്യണമെന്നു തീരുമാനിക്കാൻ ക്രൈംബ്രാഞ്ച് യോഗം.

നടിയെ പീ‍ഡിപ്പിച്ച കേസിനു മുൻപ് അതിജീവിത, നടൻ ദിലീപ്, നടി മഞ്ജു വാരിയർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. തുടരന്വേഷണത്തിൽ ഇത്തരത്തിലുള്ള ചില സൂചനകൾ അന്വേഷണ സംഘത്തിന‌ു ലഭിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാവ്യയുടെ ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here