കൊച്ചി: മോഡലുകളുടെ അപകടമരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ കുടുംബം പാലാരിവട്ടം പോലീസിന് പരാതി നല്‍കിയത്.
നമ്പര്‍ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലുകളില്‍ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങള്‍ റോയി നശിപ്പിച്ചെന്നാണ് പോലീസ് തങ്ങളെ അറിയിച്ചതെന്നും അന്‍സിയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്‍സിയുടെ കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നത് എന്തിനെന്ന് അറിയണം. റോയിയെ നേരത്തെ അറിയില്ല. ഇയാളെക്കുറിച്ച് യാതൊരു ധാരണയുമില്ല. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ പുറത്തുവരാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടും റോയിക്കെതിരേ പോലീസ് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അന്‍സിയുടെ ബന്ധുക്കള്‍ ചോദിച്ചു.
അതിനിടെ, അന്‍സി കബീറും അന്‍ജന ഷാജനും സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാന്‍ ബുധനാഴ്ച വൈകിട്ടോടെ ജാമ്യത്തിലിറങ്ങി. കേസില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നത്. ഇതില്‍ ജാമ്യം ലഭിച്ചതോടെയാണ് കാക്കനാട് ജയിലില്‍നിന്ന് അബ്ദുള്‍ റഹ്മാന്‍ പുറത്തിറങ്ങിയത്. ജയില്‍മോചിതനായ ഇയാളെ കൂട്ടിക്കൊണ്ടുപോകാന്‍ സുഹൃത്തുക്കളും കാക്കനാട് ജയിലില്‍ എത്തിയിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാതെ ഉടന്‍തന്നെ ഇവര്‍ കാറില്‍ മടങ്ങി.





































