തിരുവനന്തപുരം: ഗവ. ലോ കോളേജില്‍ എസ്.എഫ്.ഐ.- കെ.എസ്.യു. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വാക്കുതര്‍ക്കത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ഒരു എസ്.എഫ്.ഐ. പ്രവര്‍ത്തകനും പരിക്കേറ്റു.
കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് സഫ്ന യാക്കൂബ്, ജനറല്‍ സെക്രട്ടറി ആഷിഖ് അഷറഫ്, നിതിന്‍ തമ്പി, എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി അംഗം അനന്ദു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 8.15-ഓടെയായിരുന്നു സംഭവം.
കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ക്കിടെയാണ് സംഘര്‍ഷം തുടങ്ങിയത്. വൈകീട്ട് മഴ പെയ്തതിനാല്‍ ക്ലാസ് റൂമില്‍ വെച്ചാണ് കലാപരിപാടികള്‍ നടന്നത്. കെ.എസ്.യു. ഭാരവാഹി ആഷിഖിനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് സഫ്നയ്ക്ക് അടിയേല്‍ക്കുന്നത്. സഫ്നയെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
മദ്യപിച്ചെത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ് പ്രശ്നമുണ്ടാക്കിയതെന്ന് കെ.എസ്.യു. പ്രവര്‍ത്തകരും കെ.എസ്.യു. പ്രവര്‍ത്തകന്‍ വിദ്യാര്‍ഥിനിയോട് മോശമായി സംസാരിച്ചത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തില്‍ കെ.എസ്.യു.ക്കാര്‍ ആക്രമിക്കുകയായിരുന്നെന്ന് എസ്.എഫ്.ഐ.യും ആരോപിച്ചു. പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളുണ്ടെന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ ആരോപിച്ചു.പരിക്കേറ്റവരുമായി ആശുപത്രിയിലെത്തിയപ്പോള്‍ അവിടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മെഡിക്കല്‍ കോളേജിന് മുന്നിലേയ്ക്ക് യൂണിവേഴ്സിറ്റി കോളേജില്‍ നിന്നടക്കം പ്രവര്‍ത്തകരെത്തിയതോടെ സ്ഥലത്ത് പോലീസിനെ വിന്യസിച്ചു.