ചെന്നൈ: നീറ്റ് പരീക്ഷ തോൽവി ഭയന്ന് തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ. കാട്പാടി സ്വദേശിയായ പതിനേഴുകാരി സൗന്ദര്യയാണ് ജീവനൊടുക്കിയത്. ഇന്നലെ അരിയലൂരിലും അഞ്ചുദിവസം മുമ്പ് സേലത്തും നീറ്റ് പരീക്ഷപ്പേടിയിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ നീറ്റ് പരീക്ഷ പേടിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.
മെഡിക്കൽ പ്രവേശനത്തിന് നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ബിൽ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. എന്നാൽ കേന്ദ്ര നിയമത്തിലെ ഭേദഗതിയായതിനാൽ രാഷ്ട്രപതിയുടെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ ഈ ബിൽ നടപ്പാക്കാനാകൂ.
സിബിഎസ്ഇ സിലബസ് അടിസ്ഥാനമാക്കിയുള്ള നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാൻ നിർധന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സാധിക്കുന്നില്ലെന്നതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് നിയമസഭ ബിൽ പാസാക്കിയത്.





































