gnn24x7

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍

0
409
gnn24x7

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യം വിളിച്ച് വിവാദത്തിൽച്ചാടിയ കുട്ടിയും കുടുംബാംഗങ്ങളും വീട്ടിൽ തിരിച്ചെത്തി. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലേക്കാണ് ഇവർ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ വീടിനു മുന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്.

വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവം വിവാദമായതിനു പിന്നാലെ ഇവർ വീട് പൂട്ടി മാറിനിൽക്കുകയായിരുന്നു. പൊലീസ് പലതവണ അന്വേഷിച്ചെത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഇവർ വീട്ടിൽ തിരിച്ചെത്തിയത്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകുമെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചിരുന്നു. പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് വിവാദത്തിന് ആസ്പദമായ സംഭവം. 10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് വിദ്വേഷ മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യം വിളി വിവാദമായതോടെ സംഭവത്തിൽ ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകളും ഇടപെട്ടു. ഉചിതമായ നടപടി വേണമെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചു. മുദ്രാവാക്യം വിളിക്കുന്ന സമയത്ത് കുട്ടിയെ തോളിലേറ്റിയിരുന്ന മൂന്നാം പ്രതി ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവസമയത്ത് കുട്ടിക്കൊപ്പം ഉണ്ടായിരുന്നവരെയും മുദ്രാവാക്യം ഏറ്റുവിളിച്ചവരെയും കണ്ടെത്താൻ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചായിരുന്നു നടപടി. കേസിൽ ദേശീയ ഏജൻസികൾ ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here