ആലപ്പുഴ: മാന്നാറിൽ സ്വർണ്ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. പൊലീസ് എന്‍ഫോഴ്‌സ്‌മെന്റിന് റിപ്പോർട്ട് കൈമാറും. അതേസമയം യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി 22 നാണ് ഒരു സംഘമെത്തി യുവതിയെ പുലർച്ചെ 2 30 യോടെ തട്ടി കൊണ്ട് പോയത്. ബിന്ദുവിന്റെ ഭർത്താവ് ബിനോയിയുടെ പരാതിയെ തുടർന്ന് പോലീസ് പരിശോധന കർശനമാക്കിയതോടെ സംഘം ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിക്കുകയായിരുന്നു. നാട്ടിലെത്തിച്ച ബിന്ദുവിന് ചികിത്സ ആവശ്യമുള്ളതിനാൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് പോലീസ് ചോദ്യം ചെയ്യലിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന് ബിന്ദു മൊഴി നൽകി. തുടർന്ന് ബിന്ദുവിൻ്റെ ഫോൺ പരിശോധിച്ചതിൽ നിന്നും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.







































