കൊച്ചി: കാക്കനാടിനടുത്ത് വാഴക്കാലയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിചേർക്കാതെ എക്സൈസ് ജില്ലാ യൂണിറ്റ് വിട്ടയച്ച തിരുവല്ല സ്വദേശിനി ത്വയ്ബയെ അറസ്റ്റു ചെയ്തു. രാവിലെ പത്തു മണി മുതൽ എക്സൈസ് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിൽ ചെന്നൈയിൽ നിന്ന് എംഡിഎംഎ കേരളത്തിൽ എത്തിച്ച സംഘത്തിലുണ്ടായിരുന്നെന്ന് ഇവർ സമ്മതിച്ചത്തിന് പിന്നാലെയാണ് അറസ്റ്റ്. ലഹരിമരുന്ന് കടത്തിയ വാഹനത്തിൽ മറ്റു പ്രതികൾക്കൊപ്പം ഇവർ യാത്ര ചെയ്തതിന്റെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു.
കഴിഞ്ഞ 19നാണ് കാക്കനാട് വാഴക്കാലയിലെ ഫ്ലാറ്റിൽനിന്ന് 84 ഗ്രാം ലഹരിയുമായി സംഘം അറസ്റ്റിലായത്. പിന്നീട് ഇവർ താമസിച്ച ഫ്ലാറ്റിലെ അലക്കാനുള്ള തുണികൾ ഇടുന്ന സ്ഥലത്തുനിന്ന് ഒരുകിലോയിലേറെ ലഹരി കണ്ടെടുത്തു. മറ്റു പ്രതികൾക്കൊപ്പം ത്വയ്ബയെ പ്രതിചേർക്കാതെ വിട്ടയച്ചത് വിവാദമായതോടെ രാവിലെ കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷകയ്ക്കൊപ്പമാണ് ഇവർ ചോദ്യം ചെയ്യലിനു ഹാജരായത്. നേരത്തേ പിടിയിലായ മറ്റു പ്രതികൾ ലഹരിക്കടത്തിൽ ഇവരുടെ പങ്ക് വ്യക്തമാക്കി. ഇതോടെ ത്വയ്ബയെയും മറ്റു പ്രതികളെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. തുടർന്നാണ് ഇവർ ലഹരിക്കടത്തിലെ മുഖ്യകണ്ണിയാണെന്നു സ്വമേധയാ സമ്മതിച്ചതും അറസ്റ്റു രേഖപ്പെടുത്തിയതും.
ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും, ലഹരി കടത്തലിന് അകമ്പടിയായി ഉപയോഗിച്ചിരുന്ന നായ്ക്കളെ കൊണ്ടുപോയ സ്ത്രീയെയും ചോദ്യം ചെയ്യുന്നുണ്ട്.





































