ലണ്ടൻ: കോവിഡിന്റെ പശ്ചാത്തലത്തിൽ ഒഇടി, പരീക്ഷാ നടത്തിപ്പിന്റെ രീതികളിൽ ബ്രിട്ടനിലെ നഴ്സിങ് ആൻഡ് മിഡ്വൈഫറി കൌൺസിൽ പ്രഖ്യാപിച്ച ഇളവുകൾ ഈ മാസം അവസാനത്തോടെ പ്രാവർത്തികമാകും. ഇംഗ്ലീഷ് യോഗ്യതാ പരീക്ഷ പാസാകുന്ന നഴ്സിങ് ഉദ്യോഗാർഥികളുടെ ലഭ്യതക്കുറവാണ് പരീക്ഷാ നടത്തിപ്പിലെ ഈ ഇളവുകൾക്കു പിന്നിൽ. ഒഇടി പരീക്ഷ വീട്ടിൽ ഇരുന്നുകൊണ്ട് കംപ്യൂട്ടർ വഴി എഴുതിയാലും അംഗീകാരം നൽകാനുള്ള തീരുമാനമാണ് ഉടൻ നടപ്പിലാകുന്നത്. ലോക്ക്ഡൗണിൽ കുടുങ്ങി പഠനം മുടങ്ങിയവർക്കും മറ്റും വീട്ടിലിരുന്ന് പരീക്ഷയെഴുതി വിദേശത്തേക്ക് പറക്കാമെന്ന് ചുരുക്കം.
പരീക്ഷാസെന്ററുകളിലും വീട്ടിലിരുന്നും കംപ്യൂട്ടർ വഴി എഴുതുന്ന പരീക്ഷകൾക്ക് അംഗീകാരം നൽകുമെന്നായിരുന്നു നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ ആഴ്ചകൾക്കു മുമ്പ് പ്ര്യഖ്യാപിച്ചത്.
ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംങ് സിസ്റ്റം, (ഐഇഎൽടിഎസ്), വഴിയോ ഓക്കിപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് വഴിയോ (ഒ.ഇ.ടി.) ആണ് ബ്രിട്ടണിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന നഴ്സുമാർ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കേണ്ടത്. ഇംഗ്ലീഷ് സംസാരഭാഷയല്ലാത്ത രാജ്യങ്ങളിൽ പഠിക്കാത്ത എല്ലാവരും ഇത് പാസാകണം.
ഇതിൽ ഒഇടിയ്ക്കാണ് സ്വന്തം വീടുകളിൽ ഇരുന്ന് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുങ്ങുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽ നടക്കുന്ന അതേ രീതിയിൽ തന്നെയാകും വീട്ടിലിരുന്നും പരീക്ഷ എഴുതേണ്ടത്.
പരീക്ഷാ കേന്ദ്രങ്ങളിൽ കടലാസിൽ എഴുതുന്ന നിലവിലെ സമ്പ്രദായം തുടരും. ഒപ്പം കംപ്യൂട്ടറിലും പരീക്ഷയ്ക്ക് അവസരം ഉണ്ടാകും. ഇതേ പരീക്ഷ തന്നെയാണ് ഒ.ഇ.ടി.അറ്റ് ഹോം എന്ന പേരിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് വീട്ടിലിരുന്നും എഴുതാനും അവസരം ഒരുക്കുന്നത്. പരീക്ഷയുടെ ഉള്ളടക്കത്തിലും മാർക്കിങ് മാനദണ്ഡങ്ങളിലും മാറ്റമുണ്ടാകില്ല. പ്രത്യേക ക്ഷണം ലഭിക്കുന്ന ഏതാനും പേർക്കുമാത്രമാകും ആദ്യമാസങ്ങളിൽ ഒഇടി.അറ്റ് ഹോമിന് അവസരം. പരീക്ഷാർഥിയുടെ സ്ഥലം, ടെസ്റ്റിങ് സെന്ററിൽ എത്താനുള്ള ബുദ്ധിമുട്ട് എന്നിവ കണക്കിലെടുത്താകും അപേക്ഷകർക്ക് ഈ സൗകര്യം അനുവദിക്കുക.
വെബ് കാമറയോടുകൂടിയ ലാപ്ടോപ്പ് അല്ലെങ്കിൽ ഡെസ്ക് ടോപ്പ് എന്നിവയുള്ളവർക്കേ വീട്ടിലിരുന്ന് പരീക്ഷ എഴുതാനാകൂ. ഡെസ്ക് ടോപ്പ് കംപ്യൂട്ടറാണെങ്കിൽ അതിലെ വെബ് കാമറ ചലിപ്പിക്കാൻ കഴിയുന്നതാകണം. എക്സാമിനർ ചുറ്റുമുള്ള സ്ഥലം കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടാൽ അതിനുവേണ്ടിയാണിത്. ഡ്യൂവൽ മോണിറ്ററുകൾ അനുവദിനീയമല്ല. ഡോക്കിങ് സ്റ്റേഷൻ ഒഴിവാക്കി, പിസി നേരിട്ട് പവർ സോഴ്സിൽ പ്ലഗ്ഗ് ചെയ്യണം. വിൻഡോസ്- സെവനോ അതിനു മുകളിലോ ഉള്ള ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കണം ഉപയോഗിക്കേണ്ടത്. വെബ് ബ്രൌസറായി ഉപയോഗിക്കുന്നത് ഗൂഗിൾ ക്രോമാണ്. ബ്രൌസറിന്റെ സൂം 100 ശതമാനമാക്കി ക്രമീകരിക്കണം. 0.6 എംബിപിഎസ് വേഗതയെങ്കിലും ഉള്ള ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കണം.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലുമെല്ലാം ആരോഗ്യമേഖലയിൽ വിദേശ നഴ്സുമാർക്ക് ഒട്ടേറെ തൊഴിൽ അവസരങ്ങളാണ് തുറക്കുന്നത്. നോർത്തേൺ അയർലൻഡിൽ മാത്രം 2039 നഴ്സുമാരെ ഉടൻ ആവശ്യമുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് അവിടുത്തെ ആരോഗ്യ സെക്രട്ടറി പ്രഖ്യാപിച്ചത്. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നഴ്സുമാരുടെ വരവ് കുറഞ്ഞത് ഇന്ത്യൻ നഴ്സുമാർ അടക്കമുള്ളവരുടെ സാധ്യതകൾ വർധിപ്പിക്കുന്നു. അമ്പതിനായിരം വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്ത് എൻഎച്ച്എസിന്റെ നഴ്സിങ് ക്ഷാമം പരിഹരിക്കുമെന്ന പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനവും വിദേശ നഴ്സുമാർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.








































