കൊച്ചി: ദുല്‍ഖര്‍ സല്‍മാന് പിന്നാലെ ആന്റണി പെരുമ്പാവൂര്‍, ദിലീപ് അടക്കമുള്ളവര്‍ക്കെതിരേ നടപടിക്കൊരുങ്ങി തീയറ്റര്‍ ഉടമകളുടെ സംഘടയായ ഫിയോക്ക്. സിനിമകള്‍ തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നതാണ് ഫിയോക്കിനെ പ്രകോപിച്ചത്. ഇത്തരക്കാരെ വിലക്കണമെന്നും സംഘടനാ ഭാരവാഹികളാക്കരുതെന്നും തീയറ്റര്‍ ഉടമകള്‍ പറയുന്നു. സല്യൂട്ട് എന്ന സിനിമ തീയറ്റര്‍ റിലീസിന് വാഗ്ദാനം ചെയ്തശേഷം നേരത്തെ ദുല്‍ഖര്‍ സിനിമ ഒടിടിയില്‍ റിലീസ് ചെയ്തുവെന്നാണ് സംഘടന ആരോപിക്കുന്നത്. ഇതേതുടര്‍ന്നാണ് ദുല്‍ഖറിനെ വിലക്കണമെന്ന പൊതുഅഭിപ്രായം ഫിയോക്കിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നത്. ഈ വിഷയം 31ന് ചേരുന്ന ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് സംഘടനയുടെ ആജീവനാന്ത ചെയര്‍മാനായ ദിലീപ്, ആജീവനാന്ത വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരേ നടപടിക്ക് നീക്കങ്ങള്‍ ആരംഭിച്ചത്.
ഇവരെ രണ്ടുപേരെയും എന്തുകൊണ്ട് വിലക്കുന്നില്ലെന്ന ചോദ്യം സംഘടനയ്ക്കുള്ളില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ജനറല്‍ ബോഡിയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സംഘടനാ ഭാരവാഹികള്‍ തീരുമാനിച്ചത്. രണ്ടുപേരെയും സംഘടനയുടെ തലപ്പത്തുനിന്ന് മാറ്റണമെന്ന പൊതുവികാരവും ഫിയോക്കിനുള്ളിലുണ്ട്. ഇതിനായി സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്. അജീവനാന്ത ചെയര്‍മാനും വൈസ് ചെയര്‍മാനുമായ ദിലീപിനേയും ആന്റണി പെരുമ്പാവൂരിനേയും മാറ്റണമെങ്കില്‍ ഭരണഘടനയില്‍ മാറ്റംവരുത്തേണ്ടതും അനിവാര്യമാണ്.
ഫിയോക്കിനെ തള്ളി ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തി. ഫിയോക്കില്‍ താന്‍ നിലവില്‍ അംഗമല്ലെന്നും പുറത്താക്കാന്‍ ഒരുങ്ങുന്നവര്‍ താന്‍ ചെയ്ത തെറ്റെന്താണെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മരയ്ക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് അന്റണി പെരുമ്പാവൂരും ഫിയോക്കും തമ്മില്‍ നേരത്തെ വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം രാജിവച്ചത്.