അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് കമ്മിറ്റിയിൽ അംഗമാകാൻ സൂര്യയെ ക്ഷണിച്ച് ഓസ്കർ അക്കാദമി. ഇതോടെ, എല്ലാ വർഷവും ലൊസാഞ്ചലസിൽ പ്രഖ്യാപിക്കുന്ന ഓസ്കർ പുരസ്കാരങ്ങൾക്കു വോട്ടു ചെയ്യാനുള്ള അർഹത സൂര്യക്കു ലഭിക്കും. ഈ ബഹുമതി നേടുന്ന ആദ്യ തെന്നിന്ത്യൻ താരം കൂടിയാണ് സൂര്യ.
ബോളിവുഡ് താരം കജോൾ, സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് (റൈറ്റിങ് വിത്ത് ഫയർ ഫെയിം), എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവുമായ റീമ കഗ്നി എന്നിവരെയും അക്കാദമിയിൽ അംഗമാകാൻ ക്ഷണിച്ചിട്ടുണ്ട്. റിന്റു തോമസ് മലയാളിയാണ്. ഈ വർഷം 397 പുതിയ അംഗങ്ങളെയാണ് അക്കാദമി അംഗത്വം നൽകാൻ ക്ഷണിച്ചിട്ടുള്ളത്.
സിനിമയുടെ വിവിധ മേഖലകളിൽ ഇവർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഈ വർഷത്തെ അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ മത്സരിച്ച റൈറ്റിങ് വിത്ത് ഫയറാണ് റിനു തോമസിനെയും സുഷ്മിത് ഘോഷിനെയും ഈ ബഹുമതിക്ക് അർഹരാക്കിയത്. സൂര്യയുടെ സൂരരൈ പ്രോട്, ജയ് ഭീം തുടങ്ങിയ സിനിമകളും രാജ്യാന്തര പ്രശസ്തി നേടിയിരുന്നു. തലാഷ്, ഗല്ലി ബോയ്, ഗോൾഡ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റീമ കഗ്നി.
ഇന്ത്യൻ ചലച്ചിത മേഖലയിൽനിന്ന് ഓസ്കർ ജേതാവ് എ.ആർ. റഹ്മാൻ, അമിതാഭ് ബച്ചൻ, സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, വിദ്യാ ബാലൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അലി അഫ്സൽ എന്നിവരും നിർമാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോംഗ, ഏകാ കപൂർ, ശോഭ കപൂർ എന്നിവരും മുൻപേ തന്നെ അക്കാദമിയിലെ അംഗങ്ങളാണ്.