ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിനു പിന്നാലെ വിജയ് അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ സമരവുമായി ബി.ജെ.പി പ്രവർത്തകർ. എന്നാൽ വിജയ് ഫാൻസ് അസോസിയേഷനായ മക്കൾ ഇയ്യക്കം പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പ്രതിഷേധം പിൻവലിച്ചു.
മുപ്പതു മണിക്കൂര്‍ സമയം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിട്ടും വിജയിയുടെ വീട്ടില്‍ നിന്ന് നികുതി വെട്ടിനുള്ള തെളിവുകളോ പണമോ കണ്ടെടുത്തിരുന്നില്ല.
ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണ സെറ്റിൽ വിജയ് വെള്ളിയാഴ്ച എത്തിയിരുന്നു. തൊട്ടുപിന്നാലെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി.
കേന്ദ്ര പൊതുമേഖല സ്ഥാപനായ നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലം സിനിമാ ചിത്രീകരണത്തിന് വിട്ടു കൊടുക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ ആവശ്യം.
കല്‍ക്കരി ഖനികള്‍ ചിത്രീകരിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്നും അവർ ആരോപിച്ചു. എന്നാൽ സമര വിവരമറിഞ്ഞ് നൂറുകണക്കിന് മക്കൾ ഇയ്യക്കം പ്രവര്‍ത്തകര്‍ ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ കവാടത്തിലേക്കെത്തി. ഇതേത്തുടർന്ന് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു.