gnn24x7

കേരളം നല്‍കിയ പത്മപുരസ്‌ക്കാരത്തിനുള്ള ലിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി തള്ളി

0
252
gnn24x7

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി തള്ളി കളഞ്ഞ കേരളം നല്‍കിയ പത്മപുരസ്‌ക്കാരത്തിനുള്ള ലിസ്റ്റ് പുറത്ത്. എം.ടി വാസുദേവന്‍ നായര്‍, കലാമണ്ഡലം ഗോപി, മധു, മമ്മൂട്ടി, നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിവിധ പുരസ്‌ക്കാരങ്ങള്‍ക്കായി കേരളം നല്‍കിയ ലിസ്റ്റ് കേന്ദ്രം പൂര്‍ണമായി തള്ളുകയായിരുന്നു.

56 പേരുടെ ലിസ്റ്റായിരുന്നു കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നത്. പത്മവിഭൂഷണു വേണ്ടി എം.ടി. വാസുദേവന്‍ നായരെയായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

പത്മഭൂഷണുവേണ്ടി കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവര്‍ത്തനം), മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (കല), റസൂല്‍പൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടന്‍ മാരാര്‍ (കല) എന്നിങ്ങനെയായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

പത്മശ്രീക്കായി സൂര്യകൃഷ്ണമൂര്‍ത്തി (കല), കാനായി കുഞ്ഞിരാമന്‍ (ശില്‍പി), ആര്‍ട്ടിസ്റ്റ് നമ്പൂതിരി (പെയിന്റിങ്), കെ.പി.എ.സി. ലളിത (സിനിമ), എം.എന്‍. കാരശ്ശേരി (വിദ്യാഭ്യാസം, സംസ്‌കാരം), ബിഷപ് സൂസപാക്യം (സാമൂഹിക പ്രവര്‍ത്തനം), ഡോ. വി.പി.ഗംഗാധരന്‍ (ആരോഗ്യം), നെടുമുടി വേണു (സിനിമ), പി.ജയചന്ദ്രന്‍ (സംഗീതം), ഐ.എം.വിജയന്‍ (കായികം), ബിഷപ് മാത്യു അറയ്ക്കല്‍ (സാമൂഹിക പ്രവര്‍ത്തനം), എം.കെ.സാനു (സാഹിത്യം) തുടങ്ങി 47 പേരെ ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍ ഈ പട്ടിക കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി തള്ളുകയായിരുന്നു. കേരളത്തില്‍ നിന്ന് ആത്മീയ ആചാര്യനായ ശ്രീ.എം (എം. മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതന്‍ പ്രഫ. എന്‍.ആര്‍.മാധവമേനോന്‍ എന്നിവര്‍ക്കാണ് പത്മഭൂഷണ്‍ സമ്മാനിച്ചത്.

ശാസ്ത്രജ്ഞന്‍ കെ.എസ്. മണിലാല്‍, എഴുത്തുകാരന്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍,സാമൂഹിക പ്രവര്‍ത്തകന്‍ എം.കെ.കുഞ്ഞോള്‍, നോക്കുവിദ്യ പാവകളി കലാകാരി എം.എസ്.പങ്കജാക്ഷി എന്നിവര്‍ക്കായിരുന്നു പത്മശ്രീ. റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ചാണ് പത്മ അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.

സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പട്ടിക പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാര്‍ഡ് കമ്മിറ്റിയാണ് പരിഗണിക്കുക. കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രസിഡന്റിന്റെ സെക്രട്ടറി, വിവിധ മേഖലകളിലെ പ്രശസ്തരായ നാലു മുതല്‍ ആറുവരെ അംഗങ്ങള്‍ എന്നിവരാണ് ഈ കമ്മറ്റിയില്‍ ഉണ്ടാവുക.

തുടര്‍ന്ന് കമ്മറ്റി തയ്യാറാക്കുന്ന ശുപാര്‍ശകള്‍ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്യും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here