സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022 ൽ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസിൽ ജോസഫിന് ലഭിച്ചു. മിന്നൽ മുരളി എന്ന സിനിമക്കാണ് പുരസ്കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളാണ് പുരസ്കാരത്തിന് വേണ്ടി മത്സരിച്ചത്. നടനും സംവിധായകനുമായ ബേസിൽ ജോസഫ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സന്തോഷവാർത്ത അറിയിച്ചത്.
“സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022ൽ, പതിനാറ് രാജ്യങ്ങളിൽ നിന്ന് മികച്ച സംവിധായകനായി എന്നെ തിരഞ്ഞെടുത്തതിൽ എനിക്ക് അതിയായ സന്തോഷവും, അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇൻഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്.
ഈ ലഭിച്ച പുരസ്കാരം നമ്മളെ ആഗോളതലത്തിലേക്ക് ഉയർത്തുമെന്ന് എനിക്ക് ഉറപ്പാണ്. എന്റെ സിനിമയുടെ വിതരണക്കാരായ നെറ്റ്ഫ്ലിക്സ്, സിനിമയിലെ അഭിനേതാക്കൾ, എഴുത്തുകാർ, സിനിമോട്ടോഗ്രാഫർ അങ്ങനെ സിനിമയിലെ എല്ലാ കൂവിനെയും ഞാൻ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു. എന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ സൂപ്പർ ഹീറോ ഉണ്ടാവില്ലായിരുന്നു.” ബേസിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഇറങ്ങിയ മിന്നൽ മുരളി കഴിഞ്ഞ ഡിസംബറിലാണ് നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടങ്ങിയത്. നെറ്റ്ഫ്ലിക്സിന്റെ ഗ്ലോബൽ ടോപ്പ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ മൂന്നാമത്തെ ഇന്ത്യൻ സിനിമകൂടിയാണ് ‘മിന്നൽ മുരളി’.






































