‘ഡ്രെെവിംങ് ലെെസന്‍സ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘T സുനാമി’.
പാന്‍ഡ ഡാഡ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണി നിര്‍മ്മിക്കുന്ന Tസുനാമി എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വെച്ച് നടന്നു. പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ സിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം ആദ്യ ക്ലാപ്പടിച്ചു. ചലച്ചിത്രരംഗത്തെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ബാലു വര്‍ഗ്ഗീസ്, അജു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ്, സിനോജ് വര്‍ഗ്ഗീസ്, സ്മിനു സിജോ, നിഷ മാത്യു, ദേവീ അജിത് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ലാല്‍ എഴുതുന്നു. അലക്സ് ജെ. പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: യാഖ്സാന്‍ ഗ്രേ പെരേര, നേഹ നായര്‍, എഡിറ്റര്‍: രതീഷ് രാജ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അനൂപ് വേണു ഗോപാല്‍.
ഗോഡ് ഫാദര്‍ ഷൂട്ടിംഗ് നടക്കുന്ന ഒരു ദിവസം ഒഴിവ് സമയത്ത് ഇന്നെസന്റ് പറഞ്ഞ ഒരു കൊച്ചു സംഭവത്തിനെ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമയുടെ തിരക്കഥ. അന്നു സെറ്റിലുണ്ടായിരുന്ന മുഴുവന്‍ പേരെയും കുടുകുടെ ചിരിപ്പിച്ച ഒരു സംഭവ കഥയാണ് T സുനാമി.
“അന്നേ തോന്നിയിരുന്നു, ഇത് സിനിമയാക്കിയാല്‍ ഗംഭീരമായിരിക്കുമെന്ന്. പക്ഷേ എങ്ങനെ ആ ചെറിയ സംഭവത്തെ രസകരമായി പറയാമെന്നുള്ള ഒത്തിരിക്കാലത്തെ ആലോചനയുടെ പൂര്‍ത്തികരണമാണ് ഈ സിനിമ. മൂലകഥയില്‍ തന്നെ പൊട്ടിച്ചിരിക്കാന്‍ വകയുള്ള ഈ സംഭവം സിനിമയായി ചിന്തിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചതും ഇന്നസെന്റ് തന്നെയാണ്. ഈ സിനിമ ചിരിപ്പിക്കും. നന്നായി തന്നെ ചിരിപ്പിക്കും” തിരക്കഥാകൃത്ത് ലാല്‍ പറഞ്ഞു.
ഫെബ്രുവരി 24 ന് തൃശൂരില്‍ ചിത്രീകരണം ആരംഭിക്കും.