വെല്ലുവിളി നിറഞ്ഞ കടമറ്റത്ത് കത്തനാരുടെ കഥപറയുന്ന ജയസൂര്യ ചിത്രം കത്തനാരുടെ പ്രഖ്യാപന ടീസർ പുറത്തിറങ്ങി. നായകന്റെ ലുക്കിന്റെയും, സിനിമയുടെ പ്രമേയത്തെയും പറ്റി സൂചന നൽകുന്നതാണ് ഈ ടീസർ.
വിജയ് ബാബു നയിക്കുന്ന ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്ന ചിത്രത്തിന്റെ സംവിധായകൻ റോജിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. സിനിമാ സീരിയൽ രംഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് കടമറ്റത്ത് കത്തനാരുടെ കഥ. പുതിയ ചിത്രത്തെപ്പറ്റി സംവിധായകൻ റോജിൻ തോമസ് പറയുന്നതിങ്ങനെ:
“കടമറ്റത്ത് കത്തനാരെ കുറിച്ച് ഞാൻ ആദ്യമായി കേട്ടത് എന്റെ അമ്മയുടെ അടുത്ത് നിന്നാണ്. അമ്മച്ചി അമ്മയോട് പറയാറുണ്ടായിരുന്ന കത്തനാരുടെ കഥകൾ പലതും അത്ഭുതപ്പെടുത്തുന്നവയായിരുന്നു. കത്തനാരെ തിരിച്ചു കാട്ടിലേക്ക് പിടിച്ചു കെട്ടി കൊണ്ട് പോകാൻ വന്ന കാട്ടാളന്മാർ പാതാള കരണ്ടി കൊണ്ട് അടിച്ച പാടുകൾ ഇന്നും കടമറ്റം പള്ളിയിൽ കാണാം എന്ന കാര്യങ്ങൾ തുടങ്ങി കത്തനാർ മന്ത്രങ്ങൾ ചെയ്തിരുന്ന പാതാള കിണറും കള്ളിയങ്കാട്ട് നീലിയെ തളച്ചതും ഒക്കെ കേട്ട് കൗതുകത്തോടെ ഇരുന്ന എന്റെ ഉള്ളിലെ ആ കൊച്ചു കുട്ടി ഇന്നും അതേ കൗതുകത്തോടെ ഉണ്ട് എന്ന് മനസ്സിലായത് R രാമാനന്ത് പറഞ്ഞ കഥ കേട്ടപ്പോൾ ആയിരുന്നു.
എന്നൽ റാമിന്റെ കത്തനാർ സങ്കൽപ്പം അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു. വർഷങ്ങൾ നീണ്ട റാമിന്റെ ചരിത്ര ഗവേഷണത്തിൽ നിന്നുണ്ടായ കഥയുടെ authentic factor ആണ് എന്നെ ഏറേ അത്ഭുതപ്പെടുത്തിയത്. റാമിനെ എന്റെ അടുത്തേക്ക് വിടാൻ തോന്നിച്ചതിന് ജയേട്ടനോടു നന്ദി. നമ്മൾ കണ്ടതും അറിഞ്ഞതും അല്ലാത്ത വനമാന്ത്രികനായ കരുത്തനും നിർഭയ നുമായ ഒരു കഥാപാത്രം ആയിരിക്കും നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്ന ഞങ്ങളുടെ ഈ ‘കത്തനാർ…’






































