നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ എഴുതിയ ദൈവത്തിന്‍റെ അവകാശികള്‍ എന്ന പുസ്‍തകം പ്രകാശനം ചെയ്‍ത് മമ്മൂട്ടിയും മോഹന്‍ലാലും. താരസംഘടനയായ അമ്മയുടെ ഇത്തവണത്തെ വാര്‍ഷിക ജനറല്‍ബോഡിയായിരുന്നു പ്രകാശന വേദി. താനും മമ്മൂട്ടിയും ചേര്‍ന്ന് പുസ്‍തകം പ്രകാശനം ചെയ്‍തതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചു.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്‍തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വി മധുസൂദനന്‍ നായരാണ്. പ്രേംകുമാര്‍ പല കാലങ്ങളിലായി എഴുതിയ 22 ലേഖനങ്ങളാണ് സുഹൃത്തുക്കളുടെ പ്രേരണയെത്തുടര്‍ന്ന് പുസ്തകരൂപത്തിലേക്ക് എത്തിയിരിക്കുന്നത്. 22 ലേഖനങ്ങളില്‍ ഒരെണ്ണത്തിന്‍റെ തലക്കെട്ടാണ് ദൈവത്തിന്‍റെ അവകാശികള്‍ എന്നത്. ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഒരു കലാകാരനെന്നും സാമൂഹികജീവിയെന്നുമുള്ള നിലയില്‍ തന്‍റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് പുസ്‍തകത്തിലൂടെ പ്രേം കുമാര്‍. വണ്‍, ഒരു താത്വിക അവലോകനം എന്നിവയാണ് പ്രേംകുമാറിന്‍റേതായി സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങള്‍.