gnn24x7

    എരിഞ്ഞടങ്ങിയ നക്ഷത്രവിളക്കും എരിഞ്ഞു തീരാത്ത ഓർമ്മകളും

    0
    747
    gnn24x7

    മഞ്ഞും മഴയും പെയ്തു തോരാത്ത അയർലണ്ട് എന്ന ഈ അത്ഭുത ദ്വീപിലെത്തിയതിനു ശേഷമുള്ള എന്റെ ഇരുപതാമത്തെ ക്രിസ്തുമസ് കാലം.  ഐറിഷുകാർ ആർത്തിയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ഉത്സവ കാലം.  ഒരു വർഷത്തെ സമ്പാദ്യം മുഴുവൻ പൊടിച്ചു തീർക്കാനുള്ള മത്സരം.  ക്രിസ്തുമസ് ഷോപ്പിംഗ്, ക്രിസ്തുമസ് പാർട്ടി, ക്രിസ്തുമസ് നൈറ്റ്‌ ഔട്ട്,  അങ്ങനെ സൗഹൃദവും ഉന്മാദവും ലഹരിയും ഒന്നായി ഇഴുകിച്ചേരുന്ന ദിവസങ്ങൾ. ബന്ധുമിത്രാദികളും സുഹൃത്തുക്കളും പരസ്പരം കണ്ടുമുട്ടുകയും വിലപ്പെട്ട സമ്മാനങ്ങൾ കൈമാറുകയും ചെയ്യപ്പെടുന്ന സുന്ദര മുഹൂർത്തങ്ങൾ.

    ഈ നഗരത്തിലെ ക്രിസ്തുമസ് കാല മായക്കാഴ്ചകൾ എന്നെ ഭ്രമിപ്പിച്ചിട്ടില്ല എന്നു പറഞ്ഞാൽ അത് അവാസ്തവം.  അവയൊരുക്കുന്ന ലഹരിയിൽ ഞാനലിഞ്ഞു ചേർന്നിട്ടില്ല എന്നു പറഞ്ഞാൽ അതും അവാസ്തവം.  എന്നാലും ക്രിസ്തുമസ് ആകുമ്പോഴേക്കും ഞാനും എന്റെ മനസ്സും അരനൂറ്റാണ്ടിനുമപ്പുറമുള്ള കുട്ടിക്കാലം തേടി പിന്നോട്ടു പായും. പലയിടങ്ങളിലായി ചിതറി കിടക്കുന്ന ഓർമ്മകളുടെ കഷണങ്ങൾ ചേർത്തുവെച്ചു ഞാൻ ഗോപുരം പണിയും. പിന്നീട്, എനിക്കായി തുറന്നിടുന്ന ജാലകത്തിലൂടെ നോക്കുമ്പോൾ കാണുന്ന നിറം മങ്ങാത്ത കാഴ്ചകളിലാണ് എന്റെ ലഹരി മുഴുവൻ നുരഞ്ഞു പൊന്തുക.

    ചങ്ങനാശേരി ടൗണിൽ നിന്ന് അഞ്ചു കിലോമീറ്റർ വടക്കോട്ടു മാറി ചെത്തിപ്പുഴ എന്ന ഗ്രാമം. അവിടെയുള്ള പോറ്റിക്കുന്നിലാണ് ഞങ്ങളുടെ ഓലമേഞ്ഞ വീട്.  ചാണകം മെഴുകിയ തറ.  പട്ടിണിയും പരിവട്ടവും തളം കെട്ടി നിൽക്കുന്ന കാലം.  കുഞ്ഞുങ്ങളുടെ വയറു നിറയ്ക്കാൻ പാടുപെടുന്ന മാതാപിതാക്കൾ. മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ മറിക്കപ്പെട്ട പുസ്തകത്താളുകൾ.  ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിതാപകരമായ ഭൗതികാവസ്ഥകളിൽ കൂടിയാണ് ജീവിതം മുമ്പോട്ടു പോയതെങ്കിലും ഡിസംബർ ആകുമ്പോഴേക്കും സാന്റാക്ലോസിന്റെ കുതിരകളെ പൂട്ടിയ തേരിലേറി സവാരിക്കിറങ്ങാൻ മനസ് വെമ്പൽ കൊണ്ടിരിക്കും. ക്രിസ്തുമസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടയിലും പുൽക്കൂടുണ്ടാക്കുന്നതും നക്ഷത്രമുണ്ടാക്കുന്നതും ഞാനും ചേട്ടനും സംസാര വിഷയമാക്കും. ക്രിസ്തുമസ് ദിനത്തിൽ പ്രത്യേകമായി ലഭിച്ചേക്കാവുന്ന വിഭവങ്ങളെച്ചൊല്ലിയുള്ള വർത്തമാനങ്ങൾ വായിലിട്ടു താലോലിച്ച് വെള്ളമിറ്റിക്കും. വല്ലപ്പോഴുമൊരിക്കൽ പാലപ്പവും താറാവിറച്ചിയും കഴിക്കാനുള്ള ഭാഗ്യം ക്രിസ്തുമസ് ദിവസം വന്നു ചേരുന്നു., അതിനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഉരലിൽ ഇടിച്ചെടുക്കുന്ന അരിപ്പൊടിയിൽ കള്ളും, തേങ്ങയും, കപ്പിയും ചേർത്തു പാലപ്പത്തിനു കുഴച്ചു വെക്കുന്ന അമ്മയുടെ മുഖം ദിവസങ്ങൾക്കു മുമ്പേ മനസ്സിൽ തെളിയും.

    അവസാന പരീക്ഷ കഴിഞ്ഞാൽ പുൽക്കൂടിനും നക്ഷത്രത്തിനുമുള്ള ഒരുക്കങ്ങളാരംഭിക്കും. ഓലമടൽ പാകത്തിനു ചീകിയൊരുക്കിയാൽ നക്ഷത്രത്തിനുള്ള കമ്പുകളാകും. അവ നക്ഷത്രരൂപത്തിൽ കെട്ടിവെച്ച്, അതിന്മേൽ വിവിധ വർണ്ണത്തിലുള്ള ഗ്ലാസ് പേപ്പർ ഒട്ടിച്ചാൽ നക്ഷത്രമായി. പുൽക്കൂടു കെട്ടാൻ കപ്പത്തണ്ടും ഓലമടലും. മേയാൻ കയ്യാലപ്പുറത്ത് ഉണങ്ങി നിൽക്കുന്ന ക്രിസ്‌തുമസ് പുല്ല്. പാടത്തു പോയി ചേറു കുത്തിക്കൊണ്ടു വന്ന് പുൽക്കൂടിൽ മലയും തോടും പാടവുമൊക്കെ ഒരുക്കുന്നു. ദിവസങ്ങൾക്കു മുമ്പേ അയല്പക്കത്തു നിന്നു കടം വാങ്ങിയ നെല്ല് കിളിർപ്പിച്ചു പുൽക്കൂട്ടിലെ പാടത്തു നടുന്നു. ഉണ്ണീശോയെ കിടത്താനുള്ള കാലിത്തൊഴുത്ത് പ്രത്യേകം തയ്യാറാക്കുന്നു. മലയിടുക്കിൽ നിന്നു തോട്ടിലേക്കു വെള്ളമൊഴുക്കാനുള്ള പ്രത്യേക സംവിധാനം. എണ്ണയൊഴിച്ചു കത്തുമ്പോൾ കടകട ശബ്‌ദത്തിൽ വെള്ളത്തിൽ ഒഴുകി നടക്കുന്ന ബോട്ട്. ബാറ്ററി ഉപയോഗിച്ചു പ്രകാശിക്കുന്ന കുഞ്ഞു ബൾബുകൾ. അങ്ങനെ, പന്ത്രണ്ടും പതിന്നാലും വയസ്സു പ്രായമുള്ള രണ്ട് ആർക്കിടെക്റ്റുകളുടെ ബുദ്ധിയിലും കരവിരുതിലും ഇതൾ വിരിയുന്ന പുൽക്കൂട്. പാറേൽപ്പള്ളി പെരുന്നാളിനു പോകുമ്പോൾ പലപ്പോഴായി വാങ്ങിയ മാതാവും യൗസേപ്പിതാവും ഉണ്ണീശോയും പൂജരാജാക്കന്മാരും ആട്ടിടയരും ആടുകളും പുൽക്കൂട്ടിൽ സ്ഥാനം പിടിക്കുന്നു. അപ്പൻ വാങ്ങിക്കൊണ്ടു വരുന്ന എട്ടണയുടെ പടക്കം കൊണ്ടുള്ള കരിമരുന്നു പ്രയോഗത്തിനായി കാത്തിരിക്കുന്ന ഇളം മനസ്സുകൾ. മണ്ണെണ്ണ വിളക്കു കത്തിച്ചു വെച്ച് നക്ഷത്രം മരക്കൊമ്പിലുയർത്തി. എട്ടണയുടെ പടക്കം ഞങ്ങൾക്കിടയിൽ പൂരം സൃഷ്ടിച്ചു. പള്ളിയിൽ നിന്നു പ്രതിധ്വനിച്ച കതിനാവെടിയുടെ ശബ്ദം രാത്രി പന്ത്രണ്ടു മണി ആയെന്നും ഉണ്ണീശോ പിറന്നെന്നും വിളിച്ചറിയിച്ചു. ഞങ്ങളും ഉണ്ണീശോയെ പുൽക്കൂട്ടിൽ കിടത്തിയിട്ട് പള്ളിയിൽ പോയി. തലേന്നു കെട്ടിവെച്ച ചൂട്ടുകറ്റയുടെ ചിതറിയ വെളിച്ചം ഞങ്ങൾക്കു വഴി കാണിച്ചു തന്നു. പോകുന്ന വഴിക്കുള്ള വീടുകളിലെ പുൽക്കൂടുകൾ കണ്ടു വിലയിരുത്തി. ചില വീടുകളിൽ ഇലക്ട്രിക് ബൾബുകളുടെ ആർഭാടത്തിൽ മിന്നിത്തിളങ്ങിയ നക്ഷത്രങ്ങളും പുൽക്കൂടുകളും കണ്ടു. അതിലേറ്റം മുന്തിയത് മുട്ടത്തു വർക്കി സാറിന്റെ വീട്ടിലേതായിരുന്നു. അന്നത്തെ ഹൈടെക് മാതൃകയിലുള്ളത്. (പൈങ്കിളി സാഹിത്യകാരനെന്ന് അക്കാലത്തെ സാഹിത്യ മേലാളന്മാർ വിലച്ചീട്ടെഴുതിയ സാക്ഷാൽ മുട്ടത്തു വർക്കി. നാട്ടുകാരനായതു കൊണ്ടു പറയുകയല്ല, അന്നും ഇന്നും എനിക്കങ്ങനെ തോന്നിയിട്ടില്ല. ചെത്തിപ്പുഴയിൽ ജീവിച്ചിരുന്ന കഥാപാത്രങ്ങളിലൂടെ ഗ്രാമത്തിന്റെ വിശുദ്ധിയും നൈർമ്മല്യവും ഇണപ്രാവുകളിലൂടെ, പാടാത്ത പൈങ്കിളിയിലൂടെ, മയിലാടും കുന്നിലൂടെ, കരകാണാക്കടലിലൂടെ കോറിയിട്ട് വായനയുടെ വാതിൽ ഞങ്ങൾക്കായി തുറന്നു തന്ന എഴുത്തുകാരനായിരുന്നു മുട്ടത്തു വർക്കി എന്നു ഞാൻ പറയും).

    പാതിരാ കുർബ്ബാനയ്ക്കു പള്ളിയിലിരിക്കുമ്പോൾ പലപ്പോഴും ഉറക്കത്തിലാണ്ടു പോകും. ഇടയ്ക്കു കതിനാ വെടിയുടെ ശബ്ദം കേൾക്കുമ്പോൾ ഉറക്കത്തിൽ നിന്നു ഞെട്ടിയുണരും. ഉണരുമ്പോഴാകട്ടെ, പിറ്റെ ദിവസത്തെ പാലപ്പവും താറാവിറച്ചിയുമാകും മുന്നിൽ തെളിയുക. പുരോഹിതന്റെ ആശീർവ്വാദം വാങ്ങി, തിരികെ വീട്ടിലേക്കുള്ള നടത്തത്തിന് വേഗത കൂടിയിരിക്കും. നനുത്ത മഞ്ഞിൽ പൊതിഞ്ഞ, വിളറിയ നിലാവത്തെ നടത്തത്തിൽ പല്ലുകൾ കൂട്ടിയിടിച്ചിരുന്നു.

    വർഷത്തിലൊരിക്കൽ കിട്ടിയിരുന്ന പുത്തനുടുപ്പു ഭേദിച്ച് തണുപ്പ് ശരീരത്തിലേക്കു തുളച്ചു കയറിയിരുന്നു. വീട്ടിലെത്തുമ്പോഴേക്കും എണ്ണിത്തീർന്ന നക്ഷത്രങ്ങളുടെ കണക്കുകൾ പങ്കു വെക്കുന്നു. ഒടുവിൽ ഞങ്ങളുടെ നക്ഷത്രം മാത്രം എണ്ണാൻ കഴിഞ്ഞില്ല. രാവിലെപ്പഴോ വീശിയ കാറ്റത്ത് മണ്ണെണ്ണവിളക്കിളകി മറിഞ്ഞ് ഞങ്ങളുടെ നക്ഷത്രത്തെ ചാമ്പലാക്കി. കാറ്റിനേയും മണ്ണെണ്ണവിളക്കിനേയും ഞങ്ങൾ ശപിച്ചു. പക്ഷെ, ഞങ്ങളുടെ കുരുന്നു മനസ്സുകൾക്കേറ്റ മുറിവുണക്കാൻ ആ ശാപവാക്കുകൾക്കായില്ല. നമുക്കു കറന്റു കിട്ടുമ്പോൾ മണ്ണെണ്ണ വിളക്കിനു പകരം ഇലക്ട്രിക് ബൾബാക്കാമെന്ന അപ്പന്റെ ആശ്വസിപ്പിക്കലിൽ ഞങ്ങൾ സന്മനസ്സുള്ളവന്റെ സമാധാനം അനുഭവിച്ചു. അമ്മയുണ്ടാക്കാൻ തുടങ്ങിയ പാലപ്പത്തിന്റെയും ഇറച്ചിക്കറിയുടെയും മാസ്‌മരികതയിൽ എല്ലാം മറന്നു തുള്ളിച്ചാടി.

    മധുരം കിനിയുന്ന ഈ ഓർമ്മകൾക്കു പകരം മറ്റൊന്നിനെ പ്രതിഷ്‌ഠിക്കുവാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. മനസ്സിന്റെ ഉള്ളറയിൽ സ്വർണ്ണത്താക്കോലിട്ടു പൂട്ടി വെച്ചിരിക്കുന്ന ഈ ഓർമ്മകൾ ഓരോ ക്രിസ്തുമസ് രാത്രിയിലും ഞാൻ പുറത്തെടുക്കും. ക്ലാവു പിടിക്കാത്ത ഈ ഓർമ്മകളാണ് വീണ്ടും വീണ്ടും ക്രിസ്തുമസ് രാത്രികളുടെ വരവിനായി കാത്തിരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും.

    പുതു തലമുറയ്ക്ക് ഇത്തരത്തിലുള്ള കേട്ടറിവു പോലും കാണില്ല. അവർ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുതുയുഗത്തിലാണല്ലോ വളരുന്നത്. പക്ഷേ, ഒരു നൂറ്റാണ്ടും ഒരു സഹസ്രാബ്ദവും കണ്ട എന്റെ തലമുറയിൽപ്പെട്ട ചിലർക്കെങ്കിലും ഇമ്മാതിരിയുള്ള അനുഭവങ്ങളുണ്ടാകും. ഓരോ ക്രിസ്തുമസ് വരുമ്പോഴും അതിങ്ങനെ ഞങ്ങളെ മെല്ലെ തലോടിത്തലോടി കടന്നു പോകും, ഓർമ്മകൾ മരിക്കും വരെ.

    എല്ലാവർക്കും ക്രിസ്തുമസ് പുതു വത്സര ആശംസകൾ. നമുക്കു പരസ്പ്‌പരം സ്നേഹവും കരുതലും അനുകമ്പയും പങ്കുവെക്കാം. നക്ഷത്ര വിളക്കിലെ പ്രകാശം, നമ്മുടെ ഹൃദയത്തിന്റെ ഒരിക്കലും കെടാത്ത പ്രകാശമായി മാറട്ടെ.

    രാജൻ ദേവസ്യ വയലുങ്കൽ

    GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

    https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

    gnn24x7