gnn24x7

    അടിയന്തരാവസ്ഥ @50, ചില ഓർമ്മകൾ

    0
    503
    gnn24x7

    ഇന്ന് മറ്റൊരു ജൂൺ 25. മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 50 വർഷം തികയുന്ന ദിവസം. അക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുവാൻ പ്രാപ്‌തരും അനുഭവസ്ഥരുമായ കുറെയധികം ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഞാനോർക്കുന്നതും എനിക്കുണ്ടായതുമായ നിസ്സാര അനുഭവങ്ങൾ മാത്രമാണ് ഇവിടെ കുറിക്കുന്നത്.

    ചങ്ങനാശ്ശേരി എസ് ബി കോളേജിൽ ഡിഗ്രി ഒന്നാം വർഷം പഠിക്കുന്ന കാലം. അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാനുള്ള സാഹചര്യമോ, കാരണങ്ങളോ മനസ്സിലാക്കാനുള്ള രാഷ്ട്രീയ ജ്ഞാനപരതയൊന്നും അന്നുണ്ടായിരുന്നില്ല. ഇന്ദിരാ ഗാന്ധിക്കെതിരെയുണ്ടായ അലഹബാദ് ഹൈക്കോടതിയുടെ വിധിയെക്കുറിച്ചോ, കോൺഗ്രസ്സ് പാർട്ടിക്കുള്ളിലെ തന്നെ പടലപിണക്കങ്ങളെക്കുറിച്ചോ മനസ്സിലാക്കാനുള്ള വായനയൊന്നും അന്നെനിക്ക് ഉണ്ടായിരുന്നില്ല. പോകപ്പോകെ, കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയുമാണ് രാജ്യം കടന്നു പോകുന്നതെന്ന് മനസ്സിലാക്കി തുടങ്ങി. പത്ര മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരുന്നതു കൊണ്ട് യഥാർത്ഥമായ പല വാർത്തകളും തമസ്‌കരിക്കപ്പെട്ടു. ദൃശ്യ മാധ്യമങ്ങൾ ഇല്ലാതിരുന്ന കാലമാണെന്നും ഓർക്കണം. മനുഷ്യന്റെ ന്യായമായ അവകാശങ്ങൾക്കുപോലും കൂച്ചുവിലങ്ങുകളിട്ടു. തിരുവായ്ക്ക് എതിർവാ ഉണ്ടായിരുന്നില്ല. എതിർത്തവരൊക്കെ അഴിക്കുള്ളിലായി.

    ഓഫീസുകളിലും തൊഴിലിടങ്ങളിലും വായടയ്ക്കൂ, പണിയെടുക്കൂ എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടു. കേരളത്തിൽ സി പി ഐ യും കോൺഗ്രസ്സും ഒരുമിച്ചു ഭരിച്ചിരുന്ന കാലം. സി പി ഐ യുടെ സി. അച്യുതമേനോൻ മുഖ്യമന്ത്രി. കോൺഗ്രസ്സിൻ്റെ കെ. കരുണാകരൻ ആഭ്യന്തര മന്ത്രിയും. എതിർ ചേരിയിലുള്ള രാഷ്ട്രീയ നേതാക്കളൊക്കെ പകപോക്കലിൽ ജയിലിൽ അടയ്ക്കപ്പെട്ടു. ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരകളായി. മനുഷ്യാവകാശങ്ങൾക്കു വേണ്ടി ശബ്ദ‌മുയർത്തിയ തൊഴിലാളി നേതാക്കളൊക്കെ ജയിലറകളിൽ പീഡിപ്പിക്കപ്പെട്ടു.

    വിദ്യാർത്ഥികളെപ്പോലും വെറുതെ വിട്ടില്ല. നക്സൽ എന്നു പേരിട്ടു കൊണ്ട് കോഴിക്കോട് റീജണൽ എഞ്ചിനീയറിംഗ് കോളേജിലെ രാജൻ എന്ന വിദ്യാർത്ഥിയെ പോലീസ് പിടിച്ചു കൊണ്ടു പോയി കക്കയം ക്യാമ്പിലിട്ട് ഉരുട്ടിക്കൊന്നതും, കുടുംബത്തിന് വായ്ക്കരി ഇടാൻ ജഡം പോലും വിട്ടു കൊടുക്കാതെ എവിടെയോ മറവു ചെയ്ത സംഭവം വിദ്യാർത്ഥികളുടെ ഇടയിൽ ചർച്ചയായി. മകന്റെ തിരോധാനത്തെക്കുറിച്ച് ഓഫീസുകൾ തോറും അന്വേഷിച്ചു നടന്ന അച്ഛൻ പ്രൊഫ. ഈച്ചര വാര്യരെക്കുറിച്ചും അദ്ദേഹം കൊടുത്ത ഹെബിയസ് കോർപസ് ഹർജിയെക്കുറിച്ചും അറിയുവാൻ ജനം താല്പര്യം കാട്ടി. ജയറാം പടിക്കൽ, പുലിക്കോടൻ നാരായണൻ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട രാജൻ കേസ്, അച്യുതമേനോനു ശേഷം മുഖ്യമന്ത്രിയായ കരുണാകാരന്റെ രാജിയിലേക്കു വരെ വഴി തെളിച്ചു.

    മനോനില തെറ്റിയ ഈച്ചര വാര്യരും ഭാര്യയും നിരന്തരം മകനെ അന്വേഷിച്ചു കൊണ്ടിരുന്നു. “എന്തിനവനെ ഇങ്ങനെ മഴയത്തു നിർത്തിയിരിക്കുന്നു” എന്ന ബുദ്ധിഭ്രമം ബാധിച്ച ആ അമ്മയുടെ ചോദ്യത്തിന് ഉത്തരമുണ്ടായില്ല. ഉത്തരം നൽകേണ്ട ഭരണകൂട ദുഷ്‌പ്രഭുക്കൾ പല്ലിറുമ്മി ആക്രോശിച്ചുകൊണ്ടിരുന്നു.

    ഈച്ചര വാര്യർ പിന്നീട് “ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ” എന്ന പേരിൽ സ്വന്തം അനുഭവങ്ങൾ വിവരിച്ചു കൊണ്ട് പുസ്തകമെഴുതി. രാജൻ കേസിനെ ആസ്പ‌ദമാക്കി പലരും പിന്നീട് സിനിമകൾ നിർമിച്ചു. അതിലേറ്റം പ്രധാനപ്പെട്ട സിനിമയാണ് ഷാജി. എൻ. കരുൺ സംവിധാനം ചെയ്‌ത “പിറവി”. അതിൽ ഈച്ചര വാര്യരുടെ റോളിലഭിനയിച്ച പ്രേംജി (എം. പി. ഭട്ടതിരിപ്പാട്) ക്ക് നല്ല നടനുള്ള ദേശീയ അവാർഡും ലഭിച്ചു. അടിയന്തരാവസ്ഥക്കാലമായതു കൊണ്ട് 1976-ൽ കോളേജിൽ പൊതു തെരഞ്ഞെടുപ്പ് ഉണ്ടായില്ല. ഓരോ ക്ലാസ്സിൽ നിന്നും പ്രതിനിധികളെ തെരഞ്ഞെടുത്ത് അവരൊത്തു ചേർന്ന് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. രണ്ടാം വർഷ ഫിസിക്സ് ക്ലാസ്സിൽ നിന്നും ഞാൻ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യം കേരളാ കോൺഗ്രസ്സ് കെ എം ജോർജ് വിഭാഗവും പിന്നീട് ജനതാ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ കേരള വിദ്യാർത്ഥി ജനതയും ആയിത്തീർന്നതാണ് എൻ്റെ വിദ്യാർത്ഥി രാഷ്ട്രീയ കാലം.

    അടിയന്തരാവസ്ഥയിൽ ജയിലിൽ അടയ്ക്കപ്പെട്ട പ്രശസ്‌ത ഗാന്ധിയനും, വിദ്യാഭ്യാസ വിചക്ഷണനും സർവ്വോപരി, സർവ്വോദയ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന പ്രൊഫ. എം. പി.മന്മഥനും, പ്രശസ്‌ത കവി കടമ്മനിട്ട രാമകൃഷ്ണനും കോളേജ് യൂണിയനുമായി ബന്ധപ്പെട്ട പരിപാടികളിൽ അതിഥികളായി പങ്കെടുത്തത് ഓർക്കുന്നു. ഇരുവരും അടിയന്തരാവസ്ഥക്കെതിരെ ശബ്ദിച്ചവരാണ്. കോളേജിൽ നടന്ന ഒരു യോഗത്തിൽ(യൂണിയൻ ഉദ്ഘാടനം ആണെന്നാണ് ഓർമ) അടിയന്തരാവസ്ഥയെ കട പുഴക്കി കടലിൽ എറിയണമെന്ന് ആഹ്വാനം ചെയ്ത മന്മഥൻ സാറിനെ തെളിമയോടെ ഓർക്കുന്നു. “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്” എന്ന’കുറത്തി’ യിലെ വരികൾ മേഘ ഗർജ്ജനം പോലെ അലറിക്കൊണ്ട് ഉറഞ്ഞു തുള്ളിയ കടമ്മനിട്ടയെയും ഓർക്കുന്നു.

    രാത്രി കാലങ്ങളിൽ വഴിയാത്രക്കാരെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നത് പോലീസിന്റെ പതിവു രീതിയായിരുന്നു. ഒരിക്കൽ കൂട്ടുകാരൊത്തു സെക്കൻഡ് ഷോ കഴിഞ്ഞു മടങ്ങി വന്നപ്പോൾ പോലീസ് തടഞ്ഞു നിർത്തിയതും സിനിമാ ടിക്കറ്റ് കാണിച്ചു രക്ഷപ്പെട്ടതും ഓർക്കുന്നു. ഇ എം എസ് വരുന്നതറിഞ്ഞു കാണാൻ പോയതും, അടിയന്തരാവസ്ഥക്കെതിരെ വഴിയോരത്തുനിന്ന് മൈക്കില്ലാതെ പ്രസംഗിക്കുന്ന ഇ എം എസ്സിന്റെ ചങ്കൂറ്റത്തെയും കുറിച്ച് ഓർക്കുമ്പോൾ വിസ്മയം തോന്നുന്നു. മൈക്ക് പോലീസ് നിഷേധിച്ചതാണ്. പ്രസംഗം കേൾക്കാൻ നിൽക്കുന്നവരെയൊക്കെ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് പിന്നീടു മനസ്സിലായി. പരിചയമുള്ള ഏതോ പോലീസുകാരൻ അപ്പന്റെയടുത്തു ചെന്ന് മകൻ നക്സലാണോ എന്നു ചോദിച്ചത്രെ. ഉരുട്ടിക്കൊന്ന രാജന്റെ ഗതി വരണ്ടായെങ്കിൽ സൂക്ഷിച്ചു ജീവിക്കണമെന്നും പറഞ്ഞത്രെ. കഷ്ട്‌ടിച്ചു നാൽപത്തിയഞ്ചു കിലോ തൂക്കം മാത്രമുണ്ടായിരുന്ന എന്റെ ചങ്കുറപ്പ് അപ്പൻ്റെയടുത്തു കാണിച്ചില്ല.

    അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട ഭീകരത ഏറ്റവും കൂടുതൽ അരങ്ങേറിയത് ഉത്തരേന്ത്യയിലാണ്. ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയും, മകൻ സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടിയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടു. ഒരു ഇരുണ്ട പ്രഭാതത്തിൽ സഞ്ജയ് ഗാന്ധി ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനായി സ്വയം മാറിയത് ഭയാശങ്കകളോടെ ജനം തിരിച്ചറിഞ്ഞു. പുരുഷന്മാരെ നിർബന്ധിത വന്ധ്യംകരണത്തിനു വിധേയരാക്കി. പൊറുതിമുട്ടിയ ജനം ഒളിഞ്ഞും തെളിഞ്ഞും സർക്കാരിനെതിരെ പോരാട്ടത്തിന് തയ്യാറെടുത്തു. ജയപ്രകാശ് നാരായൺ, ജോർജ് ഫെർണാണ്ടസ്, മൊറാർജി ദേശായി തുടങ്ങിയവർ മനുഷ്യാവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്തു. അടിയന്തരാവസ്ഥ പിൻവലിക്കുന്നതിനു മുമ്പു തന്നെ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിൽ ജനതാ പാർട്ടി എന്ന പേരിൽ പുതിയൊരു മുന്നണിക്കു രൂപം കൊടുത്തു. സോഷ്യലിസ്റ്റ് പാർട്ടിയും, ജന സംഘവും, സ്വതന്ത്രാ പാർട്ടിയും, അകാലിദളുമൊക്കെ ഒപ്പം ചേർന്നു. മാർക്സിസ്റ്റ് പാർട്ടി പുറത്തു നിന്നു പിന്തുണ കൊടുത്തു. 1977 മാർച്ച് 21ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിൻവലിക്കുമ്പോൾ ജനതാ പാർട്ടി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിയിരുന്നു. ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും പരാജയത്തിൻ്റെ രുചിയറിഞ്ഞു. ആ രാത്രിയിൽ ഞാനും ചേട്ടനും അപ്പന്റെയടുത്തു ചെന്ന് തലയും പോയി, വാലും പോയി എന്ന് വീമ്പിളക്കിയപ്പോൾ കോൺഗ്രസ്സ്കാരനായ അപ്പന്റെ വായിൽ നിന്ന് പുളിച്ച തെറി കേട്ടതും അമ്പതു വർഷത്തെ പഴക്കമില്ലാത്ത ഓർമ്മയായി നിലനിൽക്കുന്നു. മൊറാർജി ദേശായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തുകൊണ്ട് ആദ്യമായി കോൺഗ്രസ്സേതര ഗവൺമെന്റ് പിറവി കൊണ്ടു. ഇതൊക്കെ ചരിത്രത്തിൻ്റെ താളുകളിൽ നിന്ന് ഈ തലമുറയിലുള്ളവർക്കും വായിച്ചെടുക്കാം. ഭരണഘടന അനുവദിച്ചിട്ടുള്ള മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന കാലം ഒരിക്കലും ഉണ്ടാകരുതേ എന്ന് ആശിക്കാനല്ലേ നമുക്കു കഴിയൂ.

    രാജൻ ദേവസ്യ വയലുങ്കൽ

    GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

    gnn24x7