ശനിയാഴ്ച രാത്രി ഹാലോവീൻ ആഘോഷങ്ങൾക്കായി ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിലെ സെൻട്രൽ ഡിസ്ട്രിക്റ്റിലേക്ക് ജനക്കൂട്ടം ഒഴുകിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 146 പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഐറിഷ് സമയം ഉച്ചയ്ക്ക് 1.20ഓടെയാണ് സംഭവം. ഹാലോവീൻ പരിപാടികൾക്കിടെ ഇടുങ്ങിയ ഇടവഴിയിൽ ധാരാളം ആളുകൾ വീണു എന്ന് യോങ്‌സാൻ ഫയർ സ്റ്റേഷൻ മേധാവി ചോയ് സുങ്-ബീം പറഞ്ഞു.
രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. “പ്രദേശം ഇപ്പോഴും അപകടതിലാണെന്നും, അതിനാൽ പരിക്കേറ്റവരുടെ കൃത്യമായ എണ്ണം കണ്ടെത്താൻ ഞങ്ങൾ ഇപ്പോഴും ശ്രമിക്കുന്നു” എന്നും നാഷണൽ ഫയർ ഏജൻസിയിലെ ഉദ്യോഗസ്ഥൻ മൂൺ ഹ്യൂൻ-ജൂവും അറിയിച്ചു. സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയവരിൽ വിദേശികളുമുണ്ട്.
പ്രസിഡന്റ് യോൻ സുക്-യോൾ മുതിർന്ന അംഗരക്ഷകരുമായി അടിയന്തര യോഗം ചേർന്നു. പ്രദേശത്തേക്ക് എമർജൻസി മെഡിക്കൽ ടീമുകൾക്ക് ഉത്തരവിട്ടതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. സംഭവത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
സിയോളിലെ ഒരു പ്രധാന പാർട്ടി സ്ഥലമായ ഹാമിൽട്ടൺ ഹോട്ടലിന് സമീപമുള്ള ഇടുങ്ങിയ ഇടവഴിയിൽ ഒരു വലിയ ജനക്കൂട്ടം മുന്നോട്ട് പോകാൻ ശ്രമിച്ചതിനെ തുടർന്ന് ആളുകൾ ചതഞ്ഞരഞ്ഞതായി വിശ്വസിക്കപ്പെടുന്നുവെന്ന് ഫയർ സ്റ്റേഷൻ മേധാവി ചോയ് സുങ്-ബീം പറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി സിയോളിൽ ലഭ്യമായ എല്ലാ ഉദ്യോഗസ്ഥരും ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 400-ലധികം എമർജൻസി വർക്കേഴ്‌സിനെയും 140 വാഹനങ്ങളെയും തെരുവുകളിൽ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഹാലോവീൻ ആഘോഷങ്ങൾക്കായി ഒരു ലക്ഷത്തോളം ആളുകൾ ഇറ്റവോൺ തെരുവുകളിലേക്ക് ഒഴുകിയെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.