ന്യൂഡല്‍ഹി: പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം പൂര്‍ണമായും സജ്ജമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്ന് 2022 കേന്ദ്ര ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. ആദായ നികുതി ഉള്‍പ്പെടെ നികുതി സ്ലാബുകളില്‍ ആശ്വാസകരമായ തീരുമാനങ്ങളും ഉണ്ടായേക്കാം. രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യം ഏറെ വളര്‍ച്ച നേടി. അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്ന ബജറ്റ്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി പിഎം ഗതി ശക്തി മാസ്റ്റര്‍ പ്ലാന്‍ ധനമന്ത്രി പ്രഖ്യാപിച്ചു. 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മിക്കും. ദേശീയ പാതകള്‍ 25000 കി.മീ ആക്കി ഉയര്‍ത്തും. എല്‍ഐസി ഐപിഒ ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.




































