കൊച്ചി: സ്വകാര്യ ട്രെയിനുകളോടിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി നേരിട്ടതോടെ തദ്ദേശീയമായി വികസിപ്പിച്ച വന്ദേ ഭാരത് ട്രെയിനുകളുടെ ഉൽപാദനം കൂട്ടാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിന് പച്ചക്കൊടി വീശിയിരിക്കുകയാണ് 400 വന്ദേഭാരത് ട്രെയിനുകൾ വരും വർഷങ്ങളിൽ പുറത്തിറക്കുമെന്ന ബജറ്റ് പ്രഖ്യാപനം.
ഇഎംയു ട്രെയിൻ സെറ്റുകളായ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തെ വേഗം കൂടിയ ട്രെയിനുകളാണ്. നിലവിൽ 2 ട്രെയിനുകളാണു സർവീസ് നടത്തുന്നത്. ഡൽഹിയിൽ നിന്നു വാരണാസിയിലേക്കും കത്രയിലേക്കും. ആസാദി കി അമൃത് മഹോൽസവിന്റെ ഭാഗമായി 75 ആഴ്ചകൾ കൊണ്ടു 75 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ തുടർച്ചയാണു 400 ട്രെയിനുകൾ എന്ന പുതിയ ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
180 കിലോമീറ്റർ വേഗം പരീക്ഷണ ഒാട്ടങ്ങളിൽ വന്ദേഭാരത് എത്തിയിട്ടുണ്ട്. 160 കിലോമീറ്ററാണു പ്രഖ്യാപിത വേഗമെങ്കിലും 130 കിലീമീറ്ററാണു ഇപ്പോൾ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം. രേഖപ്പെടുത്തിയിരിക്കുന്ന കൂടിയ ശരാശരി വേഗം മണിക്കൂറിൽ 94 കിലോമീറ്ററാണ്. ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്), റായ് ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി (എംസിഎഫ്), കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി (ആർസിഎഫ്) എന്നിവിടങ്ങളിലാണു വന്ദേഭാരത് ട്രെയിനുകൾ നിർമിക്കുക.