മുംബൈ: സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ പൈലറ്റുമാരുടെ സർവീസ് 65 വയസ്സ് വരെ തുടരാം എന്നറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം നിലവിൽ 58 വയസ്സാണ്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പൈലറ്റുമാരെ 65 വയസ്സ് വരെ ജോലി ചെയ്യാൻ അനുവദിക്കുന്നുണ്ട്. മിക്ക എയർലൈൻ കമ്പനികളും പൈലറ്റുമാരുടെ സർവീസ് 65 വയസ്സ് വരെ പ്രയോജനപ്പെടുത്താറുണ്ട്.
നിലവിൽ എയർ ഇന്ത്യ ജീവനക്കാർക്ക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എയർലൈനിന്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശീലനം ലഭിച്ച പൈലറ്റുമാരെ ആവശ്യമുള്ളതിനാൽ വിരമിക്കലിന് ശേഷം കരാർ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്ക് കൂടി പൈലറ്റുമാരുടെ സർവീസ് ദീർഘിപ്പിക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നു.
ഇതിനായി, രണ്ട് വർഷത്തിനുള്ളിൽ വിരമിക്കുന്ന പൈലറ്റുമാരുടെ യോഗ്യത പരിശോധിക്കാൻ മാനവ വിഭവശേഷി വകുപ്പ്, ഓപ്പറേഷൻ വിഭാഗം, ഫ്ലൈറ്റ് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. കമ്മിറ്റി ഷോർട്ട്‌ലിസ്റ്റ് ചെയ്ത പേരുകൾ മാനവ വിഭവശേഷി വകുപ്പിന്റെ മേധാവിക്ക് ശുപാർശ ചെയ്യും.





































