തിരുവനന്തപുരം : സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മറ്റന്നാൾ നിയമസഭയിൽ അവതരിപ്പിക്കും. ബില്ലിന്റെ കരട് തയ്യാറായി. വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിൽ അഞ്ച് അംഗങ്ങളായിരിക്കും ഉണ്ടാകുക. സമിതിയിൽ സര്‍ക്കാരിന് മേധാവിത്വമുണ്ടാകും. ഗവർണറെ മറികടന്ന് സർക്കാരിന് ഇഷ്ടമുള്ള ആളെ വിസി ആക്കാം കഴിയുന്ന രീതിയിലാണ് ബിൽ.
ഗവർണർ കടുപ്പിക്കുമ്പോഴാണ് ഗവർണറുടെ അധികാരം തന്നെ കവർന്ന് പിന്നോട്ടില്ലെന്ന് സർക്കാറും വ്യക്തമാക്കുന്നത്. ഒരിഞ്ചും പിന്നോട്ടില്ലാതെ കടുപ്പിക്കുന്ന ഗവർണറെ അനുനയിപ്പിക്കാൻ വിസി നിയമന ഭേദഗതി ബിൽ മാറ്റിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ ഗവർണറോട് നേർക്കുനേര്‍ ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് സർക്കാർ. മുന്നോട്ട് പോകാൻ സിപിഎം രാഷ്ട്രീയ തീരുമാനമെടുത്തതോടെയാണ് നേര്‍ക്കുനേർ പോരാട്ടത്തിലേക്ക് സ്ഥിതിയെത്തിയത്.





































