ന്യൂയോർക്ക്: സൂം കോളിലൂടെ 900 ജീവനക്കാരെ പുറത്താക്കിയ യുഎസ് ആസ്ഥാനമായ ബെറ്റർ.കോം കമ്പനി സിഇഒ വിശാൽ ഗാർഗ് അവധിയിൽ പ്രവേശിക്കുന്നു. കമ്പനിയുടെ ബോർഡ് യോഗം ചേർന്നതിനുശേഷം വിശാൽ ഉടൻ അവധിയിൽ പ്രവേശിക്കണമെന്നു ബോർഡ് കർശന നിർദേശം നൽകിയതായാണ് സൂചന.
ഡിസംബർ ഒന്നാം തീയതി സൂം കോളിലൂടെ 900 പേരെ പിരിച്ചുവിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന്, നടപടി കൈകാര്യം ചെയ്ത രീതിയിൽ വീഴ്ച സംഭവിച്ചെന്നും ക്ഷമ ചോദിക്കുന്നതായും വിശാൽ അറിയിച്ചിരുന്നു. കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അയച്ച മെയിലിലാണ് വിശാൽ ക്ഷമാപണം നടത്തിയത്.
വിശാൽ അവധിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെവിൻ റയാൻ കമ്പനിയുടെ ചുമതലകൾ വഹിക്കുകയും ബോർഡിന് റിപ്പോർട്ട് ചെയ്യുകയും ചെയ്യും. സ്ഥാപനത്തിന്റെ മേൽനോട്ട ചുമതലകൾ വഹിക്കുന്നതിനു പുറത്തുനിന്നു മറ്റൊരു കമ്പനിയെ ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച സ്ഥിരീകരണത്തിനു ബെറ്റർ.കോം തയാറായിട്ടില്ല.




































