gnn24x7

ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് ബോർഡിങ് നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ

0
240
gnn24x7

ന്യൂഡൽഹി: സാധുവായ ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് ബോർഡിങ്  നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക്  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴ ചുമത്തി. പ്രശ്‌നം പരിഹരിക്കുന്നതിന് ഉടൻ തന്നെ സംവിധാനം ഏർപ്പെടുത്താൻ നിർദേശിക്കുകയും ചെയ്തു. നിർദേശം പാലിച്ചില്ലെങ്കിൽ തുടർ നടപടിയുണ്ടാകുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി. സാധുവായ ടിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരായിട്ടും നിരവധി വിമാനക്കമ്പനികൾ യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.

മാർ​ഗനിർദ്ദേശങ്ങൾ ചില എയർലൈൻ കമ്പനികൾ പാലിക്കുന്നില്ലെന്നും ഡിജിസിഎ പറഞ്ഞു. ബെംഗളൂരു, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിൽ പരിശോധന നടത്തിയതിന് ശേഷമാണ് ഡിജിസിഎ നടപടി. പരാതി‌യെ തുടർന്ന്  എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ഹിയറിങ് നടത്തുകയും ചെയ്തു. എയർ ഇന്ത്യക്ക്  ഇക്കാര്യത്തിൽ ഒരു നയവുമില്ല. യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നില്ല- ഡിജിസിഎ പറഞ്ഞു.

സാധുവായ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും യാത്രക്കാരന് ബോർഡിംഗ് നിഷേധിക്കപ്പെട്ടെന്ന് മനസ്സിലായാൽ ഒരു മണിക്കൂറിനുള്ളിൽ പ്രസ്തുത യാത്രക്കാരന് മറ്റൊരു ഫ്ലൈറ്റിൽ ‌‌യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും ഡിജിസിഎ പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ എയർലൈൻ ഒരു ബദൽ ക്രമീകരണം നൽകിയാൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകണം. 24 മണിക്കൂറിന് ശേഷമാണെങ്കിൽ  20,000 രൂപ വരെ നഷ്ടപരിഹാരം നൽകണമെന്നാണ് ചട്ടം. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here