gnn24x7

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടു

0
431
gnn24x7

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടു. യുക്രൈനിലേക്കുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിലെ ആദ്യ വിമാനമാണ് ഇത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം പാരമ്യത്തില്‍ നില്‍ക്കെയാണ് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ഈ നടപടി. 200-ല്‍ അധികം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഡ്രീംലൈനര്‍ ബി-787 വിമാനമാണ് യുക്രൈനിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരുമായി വിമാനം ഇന്ന് രാത്രി ഡല്‍ഹിയില്‍ ഇറങ്ങുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് മടങ്ങിവരാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. എയര്‍ ബബിള്‍ ക്രമീകരണത്തിനുകീഴില്‍ യുക്രൈനിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങളുടെ എണ്ണത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ മൂന്ന് വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ ഈ മാസംതന്നെ അയക്കുമെന്ന് എയര്‍ ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 22, 24, 26 തീയതികളിലാണ് വിമാന സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യുക്രൈനിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക.

gnn24x7