ദുബായ്: ജോലിയിൽനിന്ന് വിരമിച്ചശേഷവും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് യു.എ.ഇ.യിൽ തുടരാവുന്ന താമസവിസാപദ്ധതിക്ക് അംഗീകാരം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
രാജ്യത്തെ റോഡുകളിൽ ഡ്രൈവർ രഹിത കാറുകളുടെ പരീക്ഷണയോട്ടം ആരംഭിക്കാൻ ആഭ്യന്തരമന്ത്രാലയം സമർപ്പിച്ച നിർദേശത്തിനും സർക്കാർസ്ഥാപനങ്ങൾക്ക് അവരുടെ വികസനപരിപാടികൾക്കായി സാമ്പത്തികസഹായം അനുവദിക്കുന്ന ഫെഡറൽ ഗവൺമെന്റ് ഫണ്ട് നയവും സഭ അംഗീകരിച്ചിട്ടുണ്ട്.
സർക്കാർ ജോലിയുടെ ഉത്പാദനക്ഷമത വർധിപ്പിക്കുക, അതിലൂടെ മികച്ച നേട്ടങ്ങൾ കൈവരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ശൈഖ് മുഹമ്മദ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.