gnn24x7

അശോക സ്തംഭ വിവാദം; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

0
237
gnn24x7

ന്യൂഡൽഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് രൗദ്ര ഭാവമെന്ന ആരോപണങ്ങളിൽ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. രൗദ്രഭാവം എന്നത് തോന്നൽ മാത്രമാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. വികല സൃഷ്ടി എത്രയും വേഗം എടുത്തുമാറ്റണമെന്ന്  സിപിഎം ആവശ്യപ്പെട്ടു. വിവാദത്തില്‍  നടന്‍ അനുപം ഖേര്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചു.

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍  പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തെ ചൊല്ലിയുള്ള തര്‍ക്കം അവസാനിക്കുന്നില്ല. സ്തംഭത്തിലെ സിംഹങ്ങളുടെ രൗദ്രഭാവം കേന്ദ്രസര്‍ക്കാരിനെ അടിക്കാനുള്ള വടിയാക്കി പ്രതിപക്ഷം മാറ്റി കഴിഞ്ഞു. ബിജെപിയുടെ ന്യായീകരണ ശ്രമത്തിന് പിന്നാലെയാണ്  മന്ത്രി ഹര്‍ദീപ് സിംഗ് പുരിയെ ഇറക്കി വ്യക്തത വരുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം. പുതിയ ദേശീയ ചിഹ്നത്തിന്‍റെ സ്കെച്ചടക്കം അവതരിപ്പിച്ചാണ് ഹര്‍ദീപ് സിംഗ് പുരിയുടെ വിശദീകരണം. സാരാനാഥിലെ അശോക സ്തംഭം തറനിരപ്പിലാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ പാര്‍ലമെന്‍റെ മന്ദിരത്തില്‍ തറനിരപ്പില്‍ നിന്ന് 33 മീറ്റർ ഉയരത്തിലാണ് സ്തൂപം വച്ചിരിക്കുന്നത്. സ്വാഭാവികമായും താഴെ നിന്ന്  നോക്കുന്നവര്‍ക്ക്  രൗദ്രഭാവം തോന്നാം. വിമര്‍ശിക്കുന്ന വിദഗ്‍ധര്‍ ഈ സമാന്യ തത്വം മനസ്സിലാക്കണമെന്നും മന്ത്രി പരിഹസിച്ചു. എന്നാല്‍ പുതിയ ദേശീയ ചിഹ്നത്തില്‍ നിന്ന്  സത്യമേവ ജയതേ എന്ന വാക്യം ഒഴിവാക്കിയതിനെ കുറിച്ച്  മന്ത്രി മറുപടി പറഞ്ഞിട്ടില്ല. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here