ന്യൂഡൽഹി: കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനുള്ള നിയമപരമായ വിലക്ക് ഒഴിവാക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. ആവശ്യം അംഗീകരിക്കുന്നതായി തോമർ കർഷകർക്ക് ഉറപ്പു നൽകി. കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക സംഘടനകളുടെ പ്രതിനിധികളും കമ്മിറ്റിയിലുണ്ടാകുമെന്നു കേന്ദ്രമന്ത്രി ഉറപ്പു നൽകി.
ഡൽഹി അതിർത്തിയിലെ കർഷക സമരം തുടരാൻ കിസാൻ മോര്‍ച്ച യോഗം തീരുമാനിച്ചു. അടുത്ത യോഗം ഡിസംബർ നാലിനാണ്. അതുവരെ പുതിയ സമരങ്ങൾ ഉണ്ടാകില്ല. ആറ് ആവശ്യങ്ങൾ കാണിച്ചു പ്രധാനമന്ത്രിക്കു കത്തെഴുതിയെന്നും ഒരു മറുപടിയും വന്നില്ലെന്നും സംഘടന അറിയിച്ചു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ അവതരിപ്പിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.





































