ഡൽഹി : വാരണാസിയിലേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ചക്രത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിലേക്ക് മാറ്റി. തകരാർ കണ്ടെത്തിയ ഗ്രൗണ്ട് സ്റ്റാഫ് ഇടപെട്ടാണ് 100 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്താൻ റെയിൽവേ ഓപ്പറേഷൻ കൺട്രോളിനെ അറിയിക്കുകയായിരുന്നു. ഡൽഹിയിൽ നിന്ന് 67 കിലോമീറ്റർ അകലെയുള്ള ബുലന്ദ്ഷഹറിന് സമീപത്തെ റെയിൽവേ സ്റ്റേഷനിലാണ് രാവിലെ 7:20 ഓടെ ട്രെയിൻ നിർത്തിയത്. പിന്നീട്, ടെക്‌നിക്കൽ സ്റ്റാഫ് ട്രെയിൻ ചക്രം പരിശോധിച്ച ശേഷം ഖുർജ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 12:40 ഓടെ വന്ദേ ഭാരത് എക്‌സ്‌പ്രസിലെ യാത്രക്കാരെ ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന ശതാബ്ദി എക്‌സ്‌പ്രസിലേക്ക് മാറ്റി.
വന്ദേ ഭാരത് എക്‌സ്‌പ്രസിന് ദങ്കൗറിനും വെയർ സ്റ്റേഷനുകൾക്കുമിടയിൽ സി എട്ട് കോച്ചിന്റെ ട്രാക്ഷൻ മോട്ടോറിൽ കേടുപാടുകൾ സംഭവിച്ചു. ട്രെയിൻ നിയന്ത്രിത വേഗതയിൽ ഖുർജയിലേക്ക് നീക്കിയെന്ന് റെയിൽവേ അറിയിച്ചു.




































