gnn24x7

കേബിള്‍ കാര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി; 35 മണിക്കൂർ പിന്നിട്ടിട്ടും കേബിള്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായില്ല

0
473
gnn24x7

റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഗറില്‍ കേബിള്‍ കാര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് പേര്‍ അപകടത്തിലും ഒരാള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടറില്‍ നിന്ന് വീണുമാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അപകടം നടന്ന് 35 മണിക്കൂറിലേറെയായിട്ടും കേബിള്‍ കാറില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും രക്ഷപ്പെടുത്താനായില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 43 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകള്‍ സ്ഥലത്തുണ്ട്.

ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുത് പഹറില്‍ പ്രവര്‍ത്തിക്കുന്ന റോപ് വേ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചത്. തകരാറിനെ തുടര്‍ന്ന് റോപ് വേയിലൂടെയുള്ള കാറുകളുടെ യാത്ര തടസ്സപ്പെട്ടു. 12 കേബിള്‍ കാറുകള്‍ റോപ് വേയില്‍ കുടുങ്ങി. എഴുപതിലേറെ യാത്രക്കാരാണ് കാറുകളില്‍ ഉണ്ടായിരുന്നത്. പതിനൊന്ന് പേരെ അന്ന് വൈകുന്നേരം തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഹെലികോപ്ടറുകള്‍ എത്തിയാണ് കേബിള്‍ കാറുകളില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

പത്തോളം പേരെ ഇപ്പോഴും രക്ഷപ്പെടുത്താനുണ്ട്. കേബിള്‍ കാറില്‍ കുടുങ്ങിയവരില്‍ ഐഎഎഫ് ഗരുഡ് കമാന്‍ഡോയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. രക്ഷപ്രവര്‍ത്തനത്തിനായി കേബിള്‍ കാറിലേക്ക് ഇറങ്ങിയെങ്കിലും കമാന്‍ഡോയ്ക്ക് തിരിച്ചുകയറാനായില്ലെന്നാണ് വിവരം. കേബിള്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഭക്ഷണവും വെള്ളവും എറിഞ്ഞുകൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ചൊവ്വാഴ്ചയോടെ എല്ലാവരേയും രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. സംഭവത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ശേഷം അന്വേഷണം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here