കൊച്ചി: കുര്‍ബാന ക്രമം ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്ത് വന്നു. തീരുമാനം സംബന്ധിച്ച ഇടയലേഖനം പള്ളികളില്‍ വായിച്ചാല്‍ വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും മാര്‍പ്പാപ്പയുടെ കത്തിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നുമാണ് വൈദികരുടെ ആരോപണം.
ജനാഭിമുഖ കുര്‍ബാനയാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ ഒരു ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരാഭിമുഖമായും നടത്തണമെന്നാണ് സിനഡിന്റെ തീരുമാനം. ഇതില്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും എതിര്‍പ്പുണ്ടെന്നാണ് വൈദികര്‍ പറയുന്നത്.
ആരോടും ആലോചിക്കാതെ കൈക്കൊണ്ട തീരുമാനം നടപ്പിലാക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം വൈദികര്‍ ബിഷപ്പ് ആന്റണി കരിയിലിനെ നേരില്‍ കണ്ട് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. നിലവിലെ കുര്‍ബാന രീതി തുടരണം എന്നാണ് സിനഡ് തീരുമാനമാനം എതിർക്കുന്ന വൈദികരുടെ അഭിപ്രായം. എന്നാൽ കുര്‍ബാന ഏകീകരണം തടയുന്നവര്‍ക്കെതിരേ നടപടി വേണം എന്ന് ആവശ്യപ്പെട്ട് സിനഡ് തീരുമാനത്തിന് പിന്തുണയുമായി ഒരു വിഭാഗം വിശ്വാസികള്‍ പ്ലക്കാര്‍ഡുകളുമായി ബിഷപ്പ് ഹൗസിന് മുന്നില്‍ എത്തിയിരുന്നു.