കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കയിലെ വർണവിവേചന കാലഘട്ടമായ ‘അപ്പാർത്തീഡ് യുഗത്തിലെ’ അവസാന നേതാവ് ഫ്രെഡ്രിക് വില്യം ഡി ക്ലർക് (85) അന്തരിച്ചു. ശ്വാസകോശ പ്രവർത്തനത്തെ ബാധിക്കുന്ന മെസോത്തെലോമിയ എന്ന കാൻസർ രോഗം ബാധിച്ചതിനെത്തുടർന്ന് ഇമ്യൂണോതെറപ്പി ചികിത്സയിലായിരുന്നു. കേപ്ടൗണിലെ വസതിയിലായിരുന്നു അന്ത്യം.
1993ൽ ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് നെൽസൻ മണ്ടേലയ്ക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ മുൻ ഉപ പ്രസിഡന്റ് ആയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ‘അപ്പാർത്തീഡ്’ കാലഘട്ടത്തിന് അന്ത്യം കുറിച്ച പ്രവർത്തനങ്ങൾക്കു നൽകിയ നേതൃത്വമാണ് ഇരുവരെയും നേട്ടത്തിലെത്തിച്ചത്.