തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമാകില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു. പ്രതിപക്ഷത്തിന്റെ രാജി ആവശ്യ൦ മുഖ്യമന്ത്രി തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.
സര്‍ക്കാരിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ജില്ലാകളക്ടര്‍മാരെ അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്. വിചാരണ കോടതി ഇതുപക്ഷേ അംഗീകരിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് ഫയല്‍ ചെയ്തു. അതില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇവിടെ ഉയര്‍ന്നുവന്നത് കേസ് പിന്‍വലിക്കലിനെ സംബന്ധിച്ചുള്ള നിയമപ്രശ്നമാണ്. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് എല്ലാ അവകാശവുമുണ്ട്. ഇക്കാര്യത്തില്‍ അനുമതി നല്‍കുമ്പോള്‍ കോടതി ഒരു മേല്‍നോട്ട ചുമതലയാണ് വഹിക്കുന്നതെന്നും സുപ്രീംകോടതി തന്നെ പ്രഖ്യാപിച്ചിട്ടു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ/രാജ്യത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം പ്രക്ഷുബ്ധമല്ലാതാകുമ്പോള്‍ പഴയ സംഭവങ്ങള്‍ ആസ്പദമാക്കി എടുത്ത കേസുകള്‍ മുന്നോട്ടുപോകേണ്ടതില്ലായെന്ന തീരുമാനം നിയമപരമായ തെറ്റല്ല. ഇത്തരമൊരു അപേക്ഷ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നല്‍കിയത് ദുരുദ്ദേശപരമല്ലെന്നും മറ്റു കാരണങ്ങള്‍ കൊണ്ടല്ലന്നും ബഹു. ഹൈക്കോടതി വിധിന്യായത്തില്‍ നേരത്തെ പറഞ്ഞിട്ടുമുണ്ട്.
അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി.ടി തോമസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉന്നയിച്ചത്. ശിവന്‍കുട്ടിയെ പോലെ ഒരാള്‍ക്ക് കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വം ഏറ്റെടുക്കാനാകുമോയെന്നും പി.ടി തോമസ് ചോദിച്ചു.




































