ടോക്കിയോ: ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ എഫ്64 വിഭാഗത്തിൽ ഹരിയാനക്കാരനായ സുമിത് ആന്റിൽ സ്വർണം നേടി. ലോക റെക്കോർഡ് തിരുത്തിയ പ്രകടനത്തോടെ 68.55 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് സുമിത് സ്വർണം സ്വന്തമാക്കിയത്. ടോക്കിയോയിൽ അഞ്ചാം ശ്രമത്തിലാണ് സുമീത് ലോ റെക്കോർഡ് ദൂരം പിന്നിട്ടത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി ഉയർന്നു. ഇന്നു മാത്രം രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സഹിതം അഞ്ച് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
2015ൽ ബൈക്ക് അപകടത്തിൽ ഇരുപത്തിമൂന്നുകാരനായ സുമിത്തിന്റെ ഇടതുകാൽ മുട്ടിനുതാഴെ നഷ്ടമായിരുന്നു. ഓസ്ട്രേലിയൻ താരം മൈക്കൽ ബുറിയാൻ വെള്ളിയും ശ്രീലങ്കയുടെ ദുലാൻ കോടിത്തുവാക്കു വെങ്കലവും നേടി.
വനിതകളുടെ ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിൽ വിഭാഗത്തിൽ അവനി ലെഖാരയാണ് ഇന്ത്യയ്ക്ക് വേണ്ടി ഇതിനു മുൻപ് സ്വർണം നേടിയത്. പുരുഷൻമാരുടെ ഡിസ്കസ് ത്രോയിൽ യോഗേഷ് കതൂനിയയും ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജജാരിയയും വെള്ളി നേടി. ജാവലിൻ ത്രോയിൽ സുന്ദർ സിങ് ഗുർജാർ വെങ്കലം നേടി.