gnn24x7

രഞ്ജന്‍ ഗൊഗോയക്കെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ യുവതിയെ ജോലിയില്‍ തിരിച്ചെടുത്തു

0
315
gnn24x7

ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയക്കെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ യുവതിയെ ജോലിയില്‍ തിരിച്ചെടുത്തു.

ജൂനിയര്‍ കോടതി അസിസ്റ്റന്റായി ജോലി ചെയ്യുന്ന യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിയാണ് ജോലിയില്‍ തിരിച്ചെടുത്തത്. യുവതിയെ പിരിച്ചുവിട്ട കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ നല്‍കിയാണ് തിരിച്ചെടുത്തത്.

പരാതി നല്‍കിയതിന് പിന്നാലെ നിരവധി ട്രാന്‍സ്ഫറുകള്‍ യുവതിക്ക് ലഭിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ട്രാന്‍സ്ഫര്‍ ചോദ്യം ചെയ്ത് യുവതി രംഗത്തെത്തുകയും പിന്നീട് യുവതി അവധിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. അനുമതിയില്ലാതെയാണ് അവധിയില്‍ പ്രവേശിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കല്‍.

2018 ഒക്ടോബറില്‍ ജൂനിയര്‍ കോടതി അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടെയാണ് ഗോഗോയി ലൈംഗികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി രംഗത്തെത്തിയത്. സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് അയച്ച കത്തിലായിരുന്നു അവര്‍ ഇക്കാര്യം അറിയിച്ചത്.

തനിക്കും കുടുംബത്തിനും എതിരായ ഉപദ്രവങ്ങള്‍ അന്വേഷിക്കണമെന്നും തനിക്ക് നേരെ നടന്ന ലൈംഗിക ആക്രമണത്തെ എതിര്‍ത്തതിന് പിന്നാലെ തനിക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതെന്നും യുവതി പറഞ്ഞിരുന്നു.

യുവതിയുടെ പരാതി ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ സമിതി അന്വേഷിക്കുകയും വാദത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഗൊഗോയ്ക്ക് അന്വേഷണ സമിതി ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, അന്വേഷണം നിയമാനുസൃതമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി രംഗത്തെത്തിയിരുന്നു. യുവതി പരാതി നല്‍കിയതിന് പിന്നാലെ ദല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍മാരായി ജോലി ചെയ്തിരുന്ന ഇവരുടെ രണ്ട് സഹോദരന്‍മാരെ 2018 ഡിസംബര്‍ 21 ന് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ജൂണില്‍ അവരെ തിരിച്ചെടുക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here