ന്യൂഡൽഹി കേരളത്തിൽനിന്നുള്ള മൂന്നു പേർക്ക് ഉൾപ്പെടെ രാജ്യസഭയിലെ 19 പ്രതിപക്ഷ എംപിമാർക്കു സസ്പെൻഷൻ.
സിപിഎമ്മിന്റെ എ.എ.റഹീം, വി.ശിവദാസൻ, സിപിഐയുടെ പി.സന്തോഷ് കുമാർ എന്നിവരാണ് സസ്പെൻഷൻ ലഭിച്ച കേരള എംപിമാർ. ഡിഎംകെയുടെ കനിമൊഴി, തൃണമൂൽ കോൺഗ്രസ്, ടിആർഎസ് എംപിമാരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് എംപിമാർ. നടുത്തളത്തിലറിങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. ഒരാഴ്ചത്തേയ്ക്കാണ് സസ്പെൻഡ് ചെയ്തത്.
വിലക്കയറ്റത്തിനെതിരെ ലോക്സഭയിൽ പ്ലക്കാർഡുമായി പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാരെ തിങ്കളാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, തമിഴ്നാട്ടിൽ നിന്നുള്ള മാണിക്കം ടാഗോർ, എസ്.ജ്യോതിമണി എന്നിവർക്കെതിരെയായിരുന്നു നടപടി.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ഏഴാം ദിവസവമായ ഇന്നും ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ കേന്ദ്രത്തിനെതിരായ പ്രതിപക്ഷ ബഹളത്തിൽ ഇരുസഭകളിലും നടപടികൾ സ്തംഭിച്ചു. വിലക്കയറ്റവും ജിഎസ്ടി വർധനയും സംബന്ധിച്ച് ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടിസ് കൊണ്ടുവന്നെങ്കിലും അവതരണാനുമതി നൽകിയില്ല.