ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ശ്രീനഗറിലെ സാദിബലിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ആയുധധാരികളായ മൂന്നു പേര്‍ ഇവിടെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥനത്തിലാണ് സൈന്യം എത്തിയത്. തീവ്രവാദികള്‍ സൈന്യത്തിനെതിര വെടിയുതിര്‍ത്തു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.
ഇതില്‍ രണ്ട് പേര്‍ 2019 മുതല്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പ്രദേശത്ത് നേരത്തെ ആക്രമണങ്ങളില്‍ പങ്കെടുത്തവരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാക് പ്രകോപനമുണ്ടായിരുന്നു. ഇന്നലെ ബാരാമുള്ളയിലെ റാപൂരില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലു പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം, പൂഞ്ചില്‍ രാവിലെ ആറുമണിയോടെ പാകിസ്താന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച് മോട്ടാര്‍ ഷെല്‍ ആക്രമണം നടത്തിയിരുന്നു. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.